X

പോലീസ് രാജിനെ നേരിടും: എം.എസ്.എഫ്

എടപ്പാൾ: മലബാറിൽ പ്ലസ് വണ്ണിന് ആവശ്യമായ ബാച്ചുകളും കോഴ്സുകളും അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിൽ സമരം നടത്തുന്ന എം.എസ്.എഫ് പ്രവർത്തകർക്കെതിരേ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അന്യായമായി തടങ്കലിൽ വെക്കലും കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കലുമടക്കമുള്ള പോലീസ് രാജിനെ നേരിടുമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രയപ്പെട്ടു.

ഭരിക്കുന്ന സർക്കാരുകൾക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കലും പ്രതിഷേധ പരിപാടികൾ നടത്തലും സർവസാധാരണമാണ്. പോലീസ് ഈ നില തുടർന്നാൽ ഈ നിയമ നടപടി മാത്രമാവില്ല, സമരമുറയിൽ മാറ്റം വരുത്താനും നിർബന്ധിതമാകുമെന്നും മലപ്പുറം എടപ്പാളിൽ വെച്ച് ചേർന്ന സെക്രട്ടറിയേറ്റ് യോഗം മുന്നറിയിപ്പ് നൽകി.

ഫുൾ എ+ കാരായ വിദ്യാർത്ഥികൾ പോലും പ്ലസ് വണ്ണിന് സീറ്റ് ലഭ്യമാവാതെ തെരുവിൽ നിൽക്കുമ്പോൾ സർക്കാർ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നത് അനുവദിക്കാൻ കഴിയില്ല. ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് അടിയന്തിര നിയമസഭ വിളിച്ച് ചേർക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

സീറ്റിന്റെ കുറവ് മലബാറിൽ ഉണ്ടെന്ന് മന്ത്രി പരസ്യമായി പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് ഫേസ്ബുക്ക് വഴി കള്ള കണക്കുകൾ നിരത്തിയതും പിന്നീട് മാറ്റി പറഞ്ഞതും മറ്റുപല സംശയങ്ങൾക്കും ഇടവരുത്തുന്നു. ഈ സർക്കാർ അധികാര ദുർവ്യവഹാരത്തിന് കൂട്ടുനിൽക്കുകയും ന്യായമായ ആവശ്യങ്ങളെ തൃണവൽകരിക്കുകയും ചെയ്യുന്നവരാണെന്നും ജനം നിങ്ങളിൽ നിന്ന് പൂർണ്ണമായും അകന്നെന്നും ഒരു പത്രസമ്മേളനം പോലും നടത്താനോ ജനങ്ങളെ അഭിമുഖീകരിക്കാനോ കഴിയാതെ തികച്ചും കൊള്ള സംഘത്തിന്റെ സ്വഭാവങ്ങളായ ഒളിച്ചു കളിയാണ് ഇവിടെ നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ കയ്യാമം വെച്ച് നേരിടുന്നതും തെരുവിൽ മാരകമായ അക്രമം കൊണ്ട് പരിക്കേൽപിക്കുന്നതുംഫാസിസ്റ്റ് സർക്കാറിന്റെ നയമാണെന്നും ഇത് ഇടതുപക്ഷ സർക്കാറിന് ചേർന്ന നയമാണോ എന്നും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നവരെ തെരുവിൽ തന്നെ നേരിടുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസും ജനറൽ സെക്രട്ടറി സി.കെ.നജാഫും പറഞ്ഞു.

webdesk13: