X

പൂത്തുലയട്ടെ സ്‌നേഹബന്ധങ്ങള്‍-എഡിറ്റോറിയല്‍

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജില്ലകള്‍തോറും നടത്തിയ സുഹൃദ് സംഗമങ്ങള്‍ കോഴിക്കോട്ട് മഹാസംഗമത്തോടെ അവസാനിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അനുഗൃഹീത കരസ്പര്‍ശത്തില്‍ കേരളീയ സമൂഹം പുളകംകൊള്ളുകയാണ്. വിലപ്പെട്ട മൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ടുവെന്ന് ആശങ്കപ്പെട്ടിരിക്കുന്ന കാലത്ത് വീണ്ടെടുപ്പിന്റെ ആഹ്വാനവുമായി ഈ മാസം രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിച്ച സ്‌നേഹ പര്യടനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. മത, രാഷ്ട്രീയ, കക്ഷി ഭേദമില്ലാതെ സമൂഹം ഒന്നടങ്കം സ്‌നേഹത്തിന്റെ കുടക്കീഴില്‍ സംഗമിച്ചു. ചരിത്രത്തിലെ അപൂര്‍വതകളിലൊന്നായി രേഖപ്പെടുത്തപ്പെടുന്ന ഉജ്വല മുഹൂര്‍ത്തം. പരമ്പരാഗത രാഷ്ട്രീയ ശൈലിക്ക് അപരിചിതമായ പുതു വഴിയിലൂടെ സാദിഖലി തങ്ങള്‍ സ്‌നേഹത്തേരില്‍ നടത്തിയ പടയോട്ടത്തില്‍ ജനഹൃദങ്ങള്‍ കീഴടങ്ങി. അരക്ഷിത മനസുകളില്‍ അത് സാന്ത്വനത്തിന്റെ തേന്‍മഴയായി. മുസ്‌ലിംലീഗും പണക്കാട് കൊടപ്പനക്കല്‍ തറവാടും കൊളുത്തിവെച്ച സ്‌നേഹവിളക്ക് സാദിഖലി തങ്ങളുടെ കരങ്ങളില്‍ സുവര്‍ണശോഭയോടെ ജ്വലിച്ചുനില്‍ക്കുന്നത് കണ്ട് രാജ്യം ആഹ്ലാദിച്ചു.

മനസുകളുടെ ഐക്യത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കൂ എന്ന സന്ദേശം സുഹൃദ്‌സംഗമങ്ങളില്‍ ഉയര്‍ന്നുകേട്ടു. കലര്‍പ്പില്ലാതെ തുറന്ന് സംവദിക്കാന്‍ വേദിയൊരുക്കിയ പര്യടനം മുന്നോട്ടുവെച്ച പ്രമേയങ്ങള്‍ ഓരോന്നും ശ്രദ്ധേമായിരുന്നു. സൗഹൃദത്തിന്റെയും സംയമനത്തിന്റെയും കാലികപ്രസക്തി ഉള്‍ക്കാണ്ട് കേരളം സാദിഖലി തങ്ങളെ നെഞ്ചോടു ചേര്‍ത്തു. ഇതുപോലൊരു ദൗത്യം ഏറ്റെടുക്കാന്‍ മുസ്്‌ലിംലീഗിനേ സാധിക്കൂ എന്ന് എല്ലാവരും ഒരുപോലെ സമ്മതിച്ചു. നാളിതുവരെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യതിരിക്തമായാണ് മുസ്‌ലിംലീഗ് സഞ്ചരിച്ചതെന്ന് ആരും സമ്മതിക്കും. സംയമനത്തിന്റെ ശക്തിയും പ്രസക്തിയും രാജ്യത്തെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി എക്കാലവും വിജയിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഉണ്ടായപ്പോഴൊക്കെയും തികഞ്ഞ സൗമ്യതയോടെയാണ് മുസ്‌ലിംലീഗ് അതിനെ നേരിട്ടത്. ഭിന്നതയുടെ മുറിവുകളില്‍ ഐക്യത്തിന്റെ മരുന്നു പുരട്ടി. വിഭാഗീയതയുടെ തീ ആളിക്കത്തിയ വേളകളില്‍ സംയമനത്തിന്റെ സ്‌നേഹജലം കോരിയൊഴിച്ചു. അങ്ങനെ രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും ബഹുമാനവും പിടിച്ചുപറ്റാന്‍ മുസ്‌ലിംലീഗിനും പാണക്കാട് കുടുംബത്തിനും സാധിച്ചു. സുഹൃദ് സംഗമങ്ങളിലൂടെ സാദിഖലി ശിഹാബ് തങ്ങള്‍ ഒരിക്കല്‍ കൂടി മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും മഹനീയ മൂല്യങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയായിരുന്നു. മത, സാംസ്‌കാരിക, രാഷ്ട്രീയ തുറകളില്‍ ശ്രദ്ധേയരായ പ്രമുഖരും സാധാരണക്കാരും ഒരുപോലെ സംഗമങ്ങളിലേക്ക് ഒഴുകിയെത്തിയത് സുഹൃദ് സംഗമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബിഷപ്പുമാരും സന്യാസിവര്യന്മാരും ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരുടെ സാന്നിധ്യം സംഗമങ്ങള്‍ക്ക് ഗാംഭീര്യം പകര്‍ന്നു. എല്ലാവര്‍ക്കും പറയാനുള്ളത് നഷ്ടപ്പെട്ട മൂല്യങ്ങളുടെ വീണ്ടെടുപ്പിനെക്കുറിച്ച് മാത്രമായിരുന്നു. ഒരുമയോടെ പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും ജീവിക്കേണ്ടതിന്റെ പ്രസക്തി വേദികളില്‍ മുഴങ്ങിക്കേട്ടു.

ഇന്ത്യയെന്ന മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമോ എന്ന് സന്ദേഹിക്കുന്ന സന്ദര്‍ഭത്തിലാണ് സാദിഖലി തങ്ങള്‍ സൗഹൃദത്തിന്റെ കാവല്‍ ഏറ്റെടുത്ത് ജനമധ്യത്തിലേക്ക് ഇറങ്ങിയത്. സമത്വത്തിലധിഷ്ഠിതമായ ജീവിത മൂല്യങ്ങളാണ് ഇന്ത്യന്‍ നാഗരികതയെ ലോകോത്തരമാക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാല്‍ സമൂഹത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ബോധപൂര്‍വ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. വിദ്വേഷ പ്രചാരകരമായ ചിലരാണ് അതിന് ചരടുവലിക്കുന്നത്. അവരെ ഒറ്റപ്പെടുത്തുകയും ശിഥലമായ ബന്ധങ്ങളെ കൂട്ടിയിണക്കുകയും ചെയ്യാന്‍ എല്ലാവരും കര്‍മരംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

ഭൂരിഭാഗം ജനങ്ങളും സൗഹൃദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ക്രിയാത്മകമായി ചിന്തിക്കുകയും സര്‍ഗാത്മകമായി ഇടപെടുകയും ചെയ്യുന്ന ഒരു നേതൃത്വത്തിനുവേണ്ടി അവര്‍ കൊതിക്കുന്നുണ്ട്. സാദിഖലി ശിഹാബ് തങ്ങളുടെ സുഹൃദ് സംഗമങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത അതാണ് തെളിയിക്കുന്നത്. സമൂഹത്തിന്റെ മിടിപ്പും തുടിപ്പും അറിഞ്ഞ് നന്മയുടെ വഴിയില്‍ സഞ്ചരിക്കുന്ന പുതു നേതൃത്വങ്ങള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരേണ്ടതുണ്ട്. സംവാദങ്ങള്‍ പവിത്രവും സ്‌നേഹം തുളമ്പുന്നതുമായിരിക്കണം. അംഗീകരിക്കാനും ആദരിക്കാനും മനസുകള്‍ പാകപ്പെടണം. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഹരിത പതാകയേന്തി സാദിഖലി തങ്ങള്‍ നടത്തിയ സ്‌നേഹ പര്യടനം അതിന് നിമിത്തമാകട്ടെ.

 

Chandrika Web: