X

ബഫര്‍ സോണില്‍ സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുന്നു; ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയത് പിണറായി സര്‍ക്കാര്‍: വിഡി സതീശന്‍

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം. യു.ഡി.എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.

ബഫര്‍ സോണില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം 2019 ല്‍ പിണറായി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദ്ദേശങ്ങള്‍ 2016ല്‍ ഡല്‍ഹിയില്‍ നടന്ന വിദഗ്ധ സമിതി യോഗത്തില്‍ പരിഗണിച്ചെന്നും വിശദാംശങ്ങള്‍ സമയബന്ധിതമായി സംസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ 2018 ഓടെ കാലഹരണപ്പെട്ടെന്നും ഉത്തരവിലുണ്ട്. അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കടര് വിജ്ഞാപനം റദ്ദായത്. ഇതോടെ ബഫര്‍ സോണ്‍ കേരളത്തിനും ബാധകമായി. അതാണ് ഇപ്പോഴത്തെ പ്രശ്‌നവും. പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ബഫര്‍ സോണ്‍ ആയി നിശ്ചയിക്കാമെന്നാണ് 2019ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് ജനങ്ങളെ സഹായിക്കുന്ന ഉത്തരവാണോ എന്നും അദേഹം ചോദിച്ചു.

കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശാണ് പത്ത് കിലോമീറ്റര്‍ ബഫര്‍ സോണാക്കാന്‍ തീരുമാനം എടുത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ രക്ഷിക്കാനാണെന്നും പറഞ്ഞു.
2021 ലെ ഭൂപടമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ നടത്താമെന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉപഗ്രഹ സര്‍വെ നടത്താനും മൂന്നു മാസം കാലാവധിയുള്ള സമിതിയെ നിയോഗിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടും രണ്ടര മാസം കഴിഞ്ഞാണ് വിദഗ്ധ സമിതി ചെയര്‍മാന്റെയും അംഗങ്ങളുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച ഉത്തരവ് പോലും പുറത്തിറക്കിയത്. ആ സമതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ചോ എന്നും ചോദിച്ചു.

webdesk13: