X

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം ; പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്രീലക്ഷമിയെന്ന അധ്യാപിക പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ശ്രീലക്ഷ്മിയുടെ കുറിപ്പ് പൂര്‍ണരൂപം:

എംബിബിസ് പഠനത്തിന്റെ ഭാഗമായി ഫോറന്‍സിക് മെഡിസിനില്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയെക്കുറിച്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതുണ്ട്. കരിക്കുലം പരിഷ്‌കരിക്കുന്നതിനു മുന്‍പ് 10 പ്രേത പരിശോധനകള്‍ അവര്‍ കാണണമെന്നുണ്ടായിരുന്നു. കേരളത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇല്ലാത്തതു കൊണ്ട് അവിടുത്തെ വിദ്യാര്‍ത്ഥികളെ ഹെല്‍ത്ത് സെര്‍വിസിന്റെ കീഴിലുള്ള ജനറല്‍ ആശുപത്രുകളിലോ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജിലോ കൊണ്ട് പോയി ഈ പരിശോധന കാണിക്കുകയാണ് പതിവ്. കാരണം പഠനശേഷം ചിലപ്പോള്‍ ഹെല്‍ത്ത് സെര്‍വീസിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഇവര്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ ചെയ്യേണ്ടി വരും. ഒരു തലവേദനയയ്ക്കു പോലും സുപ്പര്‍ സ്‌പെഷ്യലിസ്റ്റുകളെ കാണുന്ന നമ്മുടെ കേരളത്തില്‍ മെഡിക്കല്‍ കോളേജുകളും ഫോറന്‍സിക് surgeon ഉള്ള താലൂക് ജനറല്‍ ആശുപത്രികളും ഒഴിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്നത് എംബിബിസ് കാരോ മറ്റു സ്‌പെഷ്യലിറ്റിയിലുള്ള ഡോക്ടര്‍മാരോ ആണ്.

കരിക്കുലം പരിഷ്‌കരിച്ച ശേഷം 15 പരിശോധനകള്‍ കാണേണ്ടതുണ്ടെങ്കിലും അത് ഏതു രീതിയില്‍ വേണമെങ്കിലും ആകാം എന്നായി. അതായത് വീഡിയോ ആയാലും മതി. പക്ഷെ അതൊന്നും ഒരിക്കലും ഇതു നേരിട്ട് കാണുന്ന ഒരനുഭവം വിദ്യാര്‍ത്ഥിക്ക് നല്‍കുകയില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം ഞാന്‍ ജോലി ചെയ്യുന്ന കോളേജിലെ വിദ്യാര്‍ത്ഥികളെയും കൊണ്ട് അന്യസംസ്ഥാനത്തിലെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം കാണിക്കാന്‍ കൊണ്ട് പോയി. ദിവസേനെ പത്തോളം പരിശോധനകള്‍ നടക്കുന്ന ഒരു സ്ഥലമാണവിടം. ഒറ്റ ദിവസം കൊണ്ട് തന്നെ പല തരത്തിലുള്ള കേസുകള്‍ കാണാം എന്നുള്ളതാണ് എടുത്തു പറയുന്ന സവിശേഷത. ക്ലാസ്സ്മുറികളില്‍ കേട്ടതും കണ്ടതും വിദ്യാര്‍ത്ഥികളെ കാണിക്കുന്നതിന്റെ excitement എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകളെ ഒക്കെ തകിടം മറിക്കുന്ന ചില കാഴ്ചകളാണ് ഞാന്‍ ആ രണ്ടു ദിവസം സാക്ഷി ആയത് ..കേരളത്തിലെ പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന കണ്ടു പരിചയിച്ച എനിക്ക് അതൊരു ആഘാതമായിരുന്നു.

ഉന്തുവണ്ടി പോലൊരു സാധനത്തില്‍ മൃതദേഹങ്ങള്‍ കൊണ്ട് വന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന കോണ്‍ക്രീറ്റ് പ്ലാറ്റഫോമിലേക്കു മറിച്ചിടുന്നു. പിന്നെ ആ പുരാതന കുടുസ്സുമുറിയില്‍ നടന്ന പ്രകടനം എന്നില്‍ ഒരു അറവുശാലയില്‍ നില്‍ക്കുന്ന പ്രതീതി ആണുണ്ടാക്കിയത് .. എനിക്ക് ശ്വാസം മുട്ടി .. ഒരു കൂട്ടം മനുഷ്യര്‍ എന്റെ സബ്‌ജെക്ടിനെ ബലാത്സംഗം ചെയ്യുന്നതായി എനിക്കനുഭവപ്പെട്ടു .. അത് കാണാനുള്ള ത്രാണിയില്ലാത്ത ഞാന്‍ അവിടുന്ന് പുറത്തേക്ക്  പാഞ്ഞു .. രണ്ടു മൂന്നു കേസുകള്‍ കണ്ടു കഴിഞ്ഞു വിദ്യാര്‍ഥികള്‍ പുറത്തേക്കു വന്നു എന്നോട് പറഞ്ഞു .. മാം ഇങ്ങനെയല്ലല്ലോ അല്ലെ കേസ് ചെയ്യേണ്ടത് .. ഇങ്ങനെയല്ലല്ലോ നമ്മള്‍ പഠിച്ചത് .. ആ ചോദ്യം ചെറുതല്ലാത്ത ഒരാശ്വാസം എന്നിലുളവാക്കി .. ഇതു വരെ പോസ്റ്റ് മോര്‍ട്ടം കണ്ടിട്ടില്ലാത്ത കുട്ടികള്‍ ഞാന്‍ പറയാതെ അത് മനസ്സിലാക്കിയല്ലോ .. രണ്ടാമത്തെ ദിവസമാണ് ഒരു hanging കേസ് വന്നത് .. മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചു ഏറ്റവും നന്നായി മനസ്സിലാക്കേണ്ട ഒന്നാണത് ..

പരീക്ഷയ്ക്ക് ധാരാളം ചോദ്യങ്ങള്‍ വരുന്ന ഭാഗവും .. bloodless ഫ്‌ലാപ് dissection എന്ന ഒരു ടെക്നിക് ആണ് നമ്മള് ആ പരിശോധനയില്‍ ചെയ്യണ്ടത് .. കഴുത്തിന് പരുക്കുള്ളതോ അങ്ങനെ ഉണ്ടാകാന്‍ സാധ്യത ഉള്ളതോ ആയ എല്ലാ പരിശോധനകളിലും ഈ ടെക്നിക്ക് ഉപയോഗിക്കേണ്ടതാണ് .. അത് കൊണ്ട് തന്നെ അത് ശ്രദ്ധിച്ചു കണ്ടു മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി ഞാന്‍ ഒരു ചായ കുടിക്കാന്‍ പോയി .. തിരിച്ചു വന്നു ഞാന്‍ പ്രേത പരിശോധന നടക്കുന്നിടത്തേക്കു ചെന്ന് .. അവിടെയതാ സാധാരണ രീതിയില്‍ മേല്പറഞ്ഞ ടെക്നിക് ഉപയോഗിക്കാതെ ഒരു പോസ്റ്റുമോര്‍ട്ടം നടക്കുന്നു .. ഓ hanging കേസ് ചെയ്തില്ല അല്ലെ എന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചു .. അല്ല മാം ഇതു ആ കേസ് തന്നെയാണ് .. ഞാന്‍ അവിശ്വാസത്തോടെ അവരെ നോക്കി .. ഈ hanging കേസില്‍ സംശയം ഒന്നും ഇല്ലത്രെ .. അത് കൊണ്ടാണ് സാധാരണ രീതിയില്‍ ചെയ്തതെന്ന് അടുത്ത് നിന്നു അറ്റെന്‍ഡര്‍മാര്‍ ചെയ്യുന്ന പ്രക്രിയ അലസമായി വീക്ഷിക്കുന്ന ഡോക്ടര് പറഞ്ഞത്ര ..ഞാന്‍ ഒന്നുടെ ആ മൃതദേഹത്തിലേക്ക് നോക്കി .. എന്നെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ദേഹത്തില്‍ അങ്ങിങ്ങായി ട്രാം ട്രാക്ക് ബ്രൂയ്സുകള്‍.. ഉരുണ്ട ലാത്തിയോ വടിയോ പോലെയുള്ള ആയുധങ്ങള്‍ കൊണ്ട് അടിച്ചാലുണ്ടാകുന്ന തരം ചതവുകളാണ് അത് .. ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഒരു വ്യക്തിയുടെ ദേഹത്തു ഇത്തരം ചതവുകള്‍ കണ്ടാല്‍ ആത്മഹത്യാ പ്രേരണ മുതല്‍ കൊലപാതകം വരെ സംശയിക്കാം .. ഞാനത് വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചു കൊടുത്തു..

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടുന്ന ആ ഡോക്ടര്‍ ഞാന്‍ കുട്ടികള്‍ക്കു എന്തോ കാണിച്ചു കൊടുക്കുകയാണെന്നു മനസ്സിലാക്കി ഒന്ന് പാളി നോക്കി .. എന്നാല്‍ അവരാ മുറിവ് പരിശോധിക്കുകയോ അവരുടെ നോട്ട്‌സില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല .. എനിക്ക് വിഷമം തോന്നി .. മരിച്ചു കിടക്കുന്ന ആ മനുഷ്യനെ ഓര്‍ത്തു .. ഇത് കാണുന്ന വിദ്യാര്‍ത്ഥികളെ ഓര്‍ത്തു ..ഈ കോപ്രായം കാണിക്കാന്‍ പണമടച്ചു ഈ വിദ്യാര്‍ത്ഥികളെ ഇത്ര ദൂരം കൊണ്ട് വരേണ്ടി വന്ന എന്നെയോര്‍ത്തു ..അന്ന് തീരുമാനിച്ചതാണ് ഇനി ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം കാണാന്‍ കുട്ടികളെ അവിടെ കൊണ്ട് പോകില്ലെന്ന് .. ആരോഗ്യരംഗത്തു നമ്പര്‍ വണ്‍ കേരളം എന്ന് വച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും നമ്പര്‍ വണ് ആണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ .. ആ സംസ്ഥാനത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളേം കൊണ്ട് വേറൊരു സംസ്ഥാനത്തില്‍ പോയി അവര്‍ ചെയ്യുന്ന substandard procedure കാണേണ്ടുന്ന ഗതികേട് എന്തിനാണ് എന്ന തോന്നലായിരുന്നു മനസ്സില്‍ ..

അവിടുന്ന് തിരിച്ചു വന്നതിന്റെ പിറ്റേ ദിവസം തന്നെ കേരളത്തിലെ ഏതെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്കു പോസ്റ്റ്‌മോര്‍ട്ടം കാണാനുള്ള സൗകര്യം അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തുകളയച്ചു.. ബന്ധപ്പെട്ടവരോട് സംസാരിച്ചു .. പക്ഷെ ഒരു definite decision ലഭിച്ചില്ല .. അങ്ങനെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ hod ആന്‍ഡ് പോലീസ് surgeon ആയ ഹിതേഷ് സാറിനോട് സംസാരിക്കുന്നത് . KMLS എന്ന ഞങ്ങളുടെ സംഘടനയുടെ സെക്രെട്ടറി എന്ന നിലയില്‍ ദീര്‍ഘനാളുകള്‍ പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം .. ഇതിനു മുന്‍പ് ചില സങ്കീര്‍ണതകള്‍ ഉണ്ടായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട് .. അദ്ദേഹം എന്റെ concern വളരെ ക്ഷമയോടെ കേട്ടു .. ഇത് നമുക്ക് ശ്രമിച്ചു നോക്കാം എന്ന് ഉറപ്പു നല്‍കി .. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ..അങ്ങനെയിതാ കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് നമ്മുടെ സ്വന്തം കേരളത്തിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിശ്ചിത തുക സര്‍ക്കാരിലേക്ക് ഫീസിനത്തില്‍ അടച്ചു ഇവിടുത്തെ കുട്ടികള്‍ അന്തസ്സോടെ നല്ല ക്വാളിറ്റി പോസ്റ്റ്‌മോര്‍ട്ടം പരിശോധന കണ്ടു കഴിഞ്ഞിരിക്കുന്നു…

വിദ്യാര്‍ത്ഥികള്‍ക്ക് autopsy ഏക്‌സ്‌കര്‍ഷന് നടക്കാത്തതിന്റ വിഷമം ഉണ്ടെങ്കിലും അവരുടെ അക്കാഡമിക് ഗ്രാഫില്‍ അവര്‍ ഇതോര്‍ത്തിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് .. ഹിതേഷ് സാറിനു ഏറ്റവും എളുപ്പത്തില്‍ പറയാവുന്ന ഉത്തരം പറ്റില്ല എന്നായിരുന്നു .. ഇതനുവദിച്ചതു കൊണ്ട് അദ്ദേഹത്തിനോ ആ ഡിപ്പാര്‍ട്‌മെന്റിലുള്ളവര്‍ക്കോ പ്രത്യേകിച്ച് ഒരു ലാഭമില്ല .. കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അറിവ് കൊടുത്തു എന്നുള്ള ചാരിതാര്‍ഥ്യമല്ലാതെ .. കേരളത്തിലെ പ്രൈവറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യര്‍ത്ഥികള്‍ക്കു അവരവരുടെ അടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തന്നെ പോസ്‌റ്‌മോര്‍ട്ടം കാണാം എന്നൊരു ഉത്തരവിനായി ഞാനിപ്പോഴും ആഗ്രഹിക്കുന്നു ..കാത്തിരിക്കുന്നു.

webdesk15: