X
    Categories: MoreViews

യു.പി മുഖ്യമന്ത്രി യോഗിയുടെ വീടിനു മുന്നില്‍ ചീഞ്ഞ ഉരുളക്കിഴങ്ങ് തള്ളി കര്‍ഷകരുടെ പ്രതിഷേധം

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ചീഞ്ഞ ഉരുളക്കിഴങ്ങ് തള്ളി കര്‍ഷകര്‍. ഉരുളക്കിഴങ്ങിന്റെ വിലകുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്. ഉരുളക്കിഴങ്ങ് വില കിലോക്ക് നാല് രൂപയോളമായതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കിലോക്ക് കുറഞ്ഞത് പത്തുരൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

നിലവില്‍ കര്‍ഷകന് ലഭിക്കുന്ന നാല് രൂപ 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും അനുകൂല മറുപടിയുണ്ടായില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഉരുളക്കിഴങ്ങ് ശീതികരണ സംവിധാനത്തില്‍ ശേഖരിച്ചു വെക്കുന്നവര്‍ വന്‍തുക ആവശ്യപ്പെടുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉരുളക്കിഴങ്ങിന് ക്വിന്റലിന് 487 രൂപമാത്രമാണ് താങ്ങുവിലയായി ബിജെപി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇതിനെതിരെയാണ് ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് ഒരു ട്രക്ക് നിറയെ ചീഞ്ഞ ഉരുളക്കിഴങ്ങുകളുമായി എത്തിയ കര്‍ഷകര്‍ യോഗിയുടെ വസതിക്കുമുന്നില്‍ അവ നിക്ഷേപിച്ച് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം പ്രതിഷേധം തടയുന്നതില്‍ പൊലീസ് വീഴ്ച കാണിച്ചെന്നാരോപിച്ച് നാലു കോണ്‍സ്റ്റബിള്‍മാരെയും ഒരു സബ് ഇന്‍സ്‌പെക്ടറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപണം നിലവിലിരിക്കെയാണ് കര്‍ഷകരുടെ പ്രതിഷേധം രംഗത്തെത്തിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കെപ്പടുമെന്നും കൃഷി വകുപ്പുമായി കൂടിയാലോചിച്ച് ഉടന്‍ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.

chandrika: