X
    Categories: CultureMoreViews

ഒരു നായ ചത്താല്‍ മോദി എന്തിന് പ്രതികരിക്കണം?; ഗൗരി ലങ്കേഷ് വധത്തില്‍ പ്രമോദ് മുത്തലിക്

മംഗളൂരു: ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചു കൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകയില്‍ ഒരു നായ ചത്താല്‍ മോദി എന്തിനാണ് പ്രതികരിക്കുന്നത് എന്നായിരുന്നു മുത്തലിക്കിന്റെ ചോദ്യം. ബെംഗളൂരുവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുത്തലിക്കിന്റെ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസ് ഭരണകാലത്ത് മഹാരാഷ്ട്രയിലും കര്‍ണാടകയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായി. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പരാജയത്തെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കര്‍ണാടകയില്‍ ഒരു നായ ചത്താല്‍ മോദി എന്തിനാണ് പ്രതികരിക്കുന്നത്-പ്രസംഗത്തില്‍ മുത്തലിക്ക് ചോദിച്ചു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം മുത്തലിക്കിന്റെ പരാമര്‍ശങ്ങള്‍ വന്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാഗ്മറിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ശ്രീരാമസേന പ്രവര്‍ത്തകനാണ്. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണ് പരശുറാമിനെ അറസ്റ്റ് ചെയ്തത്. ഹിന്ദു യുവസേന സ്ഥാപകന്‍ കെ.ടി നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ എന്നിങ്ങനെ ആറുപേരാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: