X
    Categories: indiaNews

കോടതിയില്‍ തോറ്റേക്കാം, എന്നാല്‍ യുദ്ധത്തില്‍ ജയിച്ചത് ഭൂഷണ്‍- പിന്തുണയുമായി സഞ്ജയ് ഹെഗ്‌ഡെ

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രിംകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണ്‍ വലിയ യുദ്ധത്തില്‍ ജയിച്ചെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ. വ്യാഴാഴ്ച കോടതിയില്‍ നടന്ന നടപടികളില്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ക്വിന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോടതിയില്‍ തോറ്റിട്ടും വലിയ യുദ്ധങ്ങള്‍ ജയിച്ചവരുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടതി നടപടി ക്രമങ്ങളില്‍ ഭൂഷണ്‍ ഗാന്ധിജിയെ ഉദ്ധരിച്ചത് സവിശേഷമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഞാന്‍ ദയ യാചിക്കുന്നില്ല. ഔദാര്യം ചോദിക്കുന്നില്ല. കോടതി നല്‍കുന്ന ഏതു ശിക്ഷയും സ്വീകരിക്കാന്‍ സന്നദ്ധമാണ്’ – എന്നാണ് ഭൂഷണ്‍ പറഞ്ഞിരുന്നത്. സമാനമായ പ്രസ്താവന നേരത്തെ ലോകമാന്യ തിലക് ബോംബെ ഹൈക്കോടതിക്ക് പുറത്തു വച്ച് നടത്തിയിട്ടുണ്ടെന്ന് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. ആറു വര്‍ഷത്തെ തടവിന് തിലകിനെ ശിക്ഷിച്ച വേളയിലായിരുന്നു അത്. ജഡ്ജിയുടെ വിധിക്കപ്പുറം, നിരപരാധിയാണ് താന്‍ എന്ന് ഉറപ്പിച്ചു പറയുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഭൂഷണ്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചു നോക്കാത്ത കോടതി ബഞ്ചിന്റെ നിലപാടിനെയും ഹെഗ്‌ഡെ വിമര്‍ശിച്ചു. സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം പ്രസക്തമാണ്. ജഡ്ജുമാര്‍ അത് നോക്കേണ്ടിയിരുന്നു. അതില്‍ രണ്ടഭിപ്രായമില്ല. ജഡ്ജുമാരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി പറയട്ടേ, അത് നിയമനടപടിക്രമമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Test User: