X
    Categories: MoreViews

ബഹുസ്വരത സംരക്ഷിക്കണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതയല്ല, സംവാദാത്മകതയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുമുഖ ചിന്തകള്‍ നൂറ്റാണ്ടുകളോളം സമാധാനപരമായി സംവദിച്ചതിലൂടെയാണ് ജനാധിപത്യ ചിന്ത ഇന്ത്യന്‍ മനസ്സില്‍ പാകപ്പെട്ടത്. അത് സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലായിരുന്നു രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയുള്ള രാഷ്ട്രപതിയുടെ മുന്നറിയിപ്പ്.
നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു. താല്‍ക്കാലികമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാം. എന്നാല്‍ ദീര്‍ഘഭാവിയില്‍ സമ്പദ് വ്യവസ്ഥയെ ഇത് ശക്തിപ്പെടുത്തും. കറന്‍സി രഹിത സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ സുതാര്യമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അതുമായി മുന്നോട്ടു പോകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രപതി നിര്‍ദേശിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തണം. നിയമനിര്‍മാണ സഭകള്‍ സ്തംഭിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിയമ നിര്‍മാണങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദി തിരിച്ചുപിടിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

chandrika: