X
    Categories: indiaNews

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സംഘടനാ വോട്ടെടുപ്പിന് തുടക്കമായി. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലു മണി വരെയാണ്. എല്ലാ സംസ്ഥാനങ്ങളിലേയും പി.സി.സി ഓഫീസുകളിലാണ് പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.

മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയിലാണ് വോട്ടു രേഖപ്പെടുത്തുക. ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ച പ്രത്യേക ബൂത്തില്‍ രാഹുലിനു പുറമെ യാത്രയിലെ സ്ഥിരാംഗങ്ങളായ 40 പി.സി.സി പ്രതിനിധികളും വോട്ടു രേഖപ്പെടുത്തും. 22 വര്‍ഷത്തിനിടെ ആദ്യമായാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു പ്രസിഡണ്ട് വരുന്നത്. അതും വാശിയേറിയ സംഘടനാ തിരഞ്ഞെടുപ്പിലൂടെ. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, തിരുവനന്തപുരത്തുനിന്നുള്ള എം.പി ശശി തരൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഈമാസം 19നാണ് വോട്ടെണ്ണല്‍.

ആയിരം കിലോമീറ്റര്‍ പര്യടനം പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്ര കര്‍ണാടക – ആന്ധ്രാ അതിര്‍ത്തിയായ ബെല്ലാരിയിലാണുള്ളത്. കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് യാത്രക്ക് വിശ്രമമാണ്. നാളെ ആന്ധ്രയിലാണ് യാത്ര പുനരാരംഭിക്കുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ഫലം വരുമ്പോള്‍ രാഹുല്‍ അടക്കമുള്ള നേതാക്കള്‍ ജോഡോ യാത്രയിലായിരിക്കും.
അതേസമയം വോട്ടെടുപ്പ് സംബന്ധിച്ച് ശശി തരൂര്‍ ഉന്നയിച്ച ആവശ്യം തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ ടിക് മാര്‍ക് (ശരി അടയാളം) രേഖപ്പെടുത്തിയാണ് വോട്ടു ചെയ്യേണ്ടതെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി വ്യക്തമാക്കി. നേരത്തെ സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ ഒന്ന് രേഖപ്പെടുത്താനായിരുന്നു നിര്‍ദേശം. ഇത് ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്ന തരൂരിന്റെ പരാതിയെ തുടര്‍ന്നാണ് മാറ്റം.

വ്യാജ വോട്ടും ക്രമക്കേ ടും തടയുന്നതിനായി വോട്ടവകാശമുള്ള പ്രതിനിധികള്‍ക്ക് ക്യൂ.ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. ഇതുവരെ ഇവ കൈപ്പറ്റാത്തവര്‍ക്ക് പോളിങ് ബൂത്തുകള്‍ക്ക് സമീപം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കി കാര്‍ഡ് കൈപ്പറ്റുന്നതിന് അവസരം ഉണ്ടായിരിക്കും. സുതാര്യമായാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി വ്യക്തമാക്കി.

web desk 3: