X

റഹീമിന്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാന്‍ റിയാദിലെ പൊതുസമൂഹം

റിയാദ് : വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെ വന്‍തുക ദിയ നല്‍കി മോചിപ്പിക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങാന്‍ റിയാദിലെ പൊതുസമൂഹത്തിന്റെ തീരുമാനം. സഊദി യുവാവ് കയ്യബദ്ധത്തില്‍ മരണപ്പെട്ട കേസില്‍ പതിനാറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സഊദി കുടുംബം ആവശ്യപ്പെട്ട മുപ്പത്തിമൂന്ന് കോടി കണ്ടെത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജിതമായി രംഗത്തിറങ്ങാനാണ് റിയാദിലെ സംഘടന പ്രതിനിധികളുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്. പതിനഞ്ച് മില്യണ്‍ റിയാലാണ് (ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപ) നഷ്ടപരിഹാരമായി മരിച്ച യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടത്.

നേരത്തെ കേസില്‍ കോടതി വിധിയില്‍ മാത്രം ഉറച്ചു നിന്നിരുന്ന സഊദി കുടുംബം ഇന്ത്യന്‍ എംബസ്സിയുടെയും റിയാദില്‍ പ്രവര്‍ത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെയും നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് വന്‍ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് വാദി വിഭാഗം അഭിഭാഷകന്‍ മുഖേന നിയമ സഹായ സമിതിയെ അറിയിച്ചത്. കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടല്‍ നടന്നിരുന്നുവെങ്കിലും മാപ്പ് ലഭിച്ചിരുന്നില്ല. ഇതിനകം മൂന്ന് തവണ വധശിക്ഷക്ക് വിധിച്ച കേസ് അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് അഭിഭാഷകരെയാണ് ഇക്കാലയളവില്‍ നിയോഗിച്ചിരുന്നത്. സഊദി പ്രമുഖരെ കൂടാതെ നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം ഡി യുമായ എം എ യൂസഫലിയും സംഭവത്തില്‍ ഇടപെട്ടിരുന്നു.

മോചന ശ്രമത്തില്‍ ആഗോള തലത്തിലുള്ള മലയാളി സമൂഹത്തെയും സംഘടനകളെയും ചേര്‍ത്തുപിടിച്ച് 33 കോടിയെന്ന ഭീമമായ തുക കണ്ടെത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലില്‍ നിയമ സഹായ സമിതി വിളിച്ചുകൂട്ടിയ റിയാദിലെ വിവിധ സംഘടനാ പ്രതിനിധികളുടെ വിപുലമായ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസ്സി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. പരിഭാഷകരായ മുഹമ്മദ്കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി (ദമാം) തുടങ്ങിയവരും വ്യവസായ പ്രമുഖരും റിയാദിലെ സാമൂഹിക സാംസ്‌കാരിക മത വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിലുള്ള നേതാക്കളും പ്രസംഗിച്ചു. നിറഞ്ഞ സദസ്സില്‍ റഹീമിന്റെ മോചനത്തിന് സായ സമിതിക്ക് കലവറയില്ലാത്ത പിന്തുണ ഉറപ്പ് നല്‍കുകയായിരുന്നു റിയാദിലെ പ്രവാസി സമൂഹം. അഷ്റഫ് വേങ്ങാട്ട് സ്വാഗതവും അര്‍ഷാദ് ഫറോക്ക് നന്ദിയും പറഞ്ഞു.

ദിയ നല്‍കി റഹീമിനെ മോചിപ്പിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ച് അനുമതി നേടിയ ശേഷം സമയബന്ധിതമായി ആവശ്യമായ ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്താനും ഫണ്ട് സമാഹരണത്തിനുള്ള നിയമവശങ്ങള്‍ പഠിക്കാനും പ്രാഥമിക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് തീരുമാനം. സംഘടനകള്‍, വ്യവസായികള്‍, സോഷ്യല്‍ മീഡിയ, ജീവകാരുണ്യ പ്രവര്‍ത്തകര്‍, സ്‌കൂളുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫണ്ട് ശേഖരണം നടത്താമെന്നാണ് ആലോചന. നിയമപരമായ അനുമതി ലഭിച്ചാലുടന്‍ നടപടികള്‍ നീക്കാന്‍ യോഗം നിയമ സഹായ സമിതിയെ ചുമതലപ്പെടുത്തി.

കോടതി അനുമതി ലഭിച്ചാലുടന്‍ നാട്ടില്‍ നേരത്തേയുണ്ടാക്കിയിട്ടുള്ള ജനകീയ സമിതിയുടെ മേല്‍നോട്ടത്തില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ഫണ്ട് സ്വരൂപിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, നോര്‍ക്ക, ലോക കേരള സഭ എന്നിവരുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. നാട്ടിലെ ജനകീയ സമിതിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയില്‍ എം പി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുല്‍ സമദ് സമദാനി, എളമരം കരീം, പി വി അബ്ദുല്‍ വഹാബ് , എം എല്‍ എ മാരായ പി കെ കുഞ്ഞാലികുട്ടി, ഡോ. എം. കെ. മുനീര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ ഹാജി , ഉമ്മര്‍ പാണ്ടികശാല, വി കെ സി മമ്മദ് കോയ, ബുഷ്റ റഫീഖ്, അഡ്വ. പി എം നിയാസ്, ശശി നാരങ്ങായില്‍, ഹുസൈന്‍ മടവൂര്‍, പി സി അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ രക്ഷാധികാരികളാണ്. കെ സുരേഷ് ചെയര്‍മാനും കെ കെ ആലിക്കുട്ടി മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും എം ഗിരീഷ് ട്രഷററുമാണ്.

web desk 3: