X

പ്രിയങ്കക്ക് കയ്യടികളോടെ സ്വീകരണം; ആശംസകളുമായി രാഷ്ട്രീയ ലോകം

ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ അഭിനന്ദനങ്ങളുമായി രാഷ്ട്രീയ ലോകം. രാഷ്ട്രീയ ലോകത്തെ നിരവധി പ്രമുഖര്‍ പ്രിയങ്കക്ക് ആശംസകളുമായി രംഗത്തെത്തി. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിലയിലേക്കുള്ള ഔദ്യോഗിക രംഗപ്രവേശമുണ്ടായിരിക്കുന്നത്.

മുന്നില്‍ നിന്ന് നയിക്കും. സഹോദരിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ സന്തോഷമുണ്ട്. പൂര്‍ണ്ണശക്തിയോടെ പോരാടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ പ്രവേശനം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കേന്ദ്രനിയമമന്ത്രി ആര്‍.എസ് പ്രസാദ് പറഞ്ഞു. അവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ചെയ്യാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കഗാന്ധി ഒരു സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളില്‍ മുദ്രപതിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. പ്രിയങ്കക്ക് അഭിനന്ദനങ്ങള്‍ നല്‍കുന്നുവെന്നും അവര്‍ ഒരു ഗോള്‍ഡന്‍ കാര്‍ഡാണെന്നും തേജ് യാദവ് പറഞ്ഞു.

പത്തിരുപത് വര്‍ഷമായി ജനങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ് അവരെന്നാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ മാത്രമല്ല, അവര്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പദവികൂടി വഹിക്കുകയാണ്. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും രാജസ്ഥാന്‍ അശോക് ഗെഹ്ലോട്ട് പറഞ്ഞു. പ്രിയങ്കഗാന്ധിയുടെ ഉത്തരവാദിത്തം ഉത്തര്‍പ്രദേശില്‍ മാത്രമായി ഒതുങ്ങില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ പറഞ്ഞു.

അതേസമയം, വിമര്‍ശനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മഹാസഖ്യത്തില്‍ നിന്നും പുറത്തായപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ സഖ്യമുണ്ടാക്കിയെന്ന് ബി.ജെ.പി വക്താവ് സമ്പിത് പത്ര പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി സ്ഥാനത്തേക്ക് നിയമിച്ചു എഐസിസിയുടെ പ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസിന്റെ നയരൂപീകരണ തീരുമാനങ്ങളില്‍ ഈയടുത്ത കാലങ്ങളിലായി പ്രിയങ്ക ഗാന്ധി സജീവമായി ഇടപെടാറുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി പാര്‍ട്ടി ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഫെബ്രുവരി ആദ്യവാരത്തോടെ പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്ത് സജീവമാകും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയാക്കി മാറ്റാനായിരിക്കും അവര്‍ പ്രധാനമായും ശ്രമിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിനിര്‍ത്തി സമാജവാദി -ബിഎസ്പി പാര്‍ട്ടികള്‍ തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടത് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം വരുത്തിയിരുന്നു.

എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സിക്രട്ടറിയായിരുന്ന അശോക് ഖെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവ് വന്ന പോസ്റ്റിലേക്ക് മലയാളിയായ കെസി വേണുഗോപാല്‍ എംപിയെ നിയമിച്ചു. സംഘടനയുടെ നിര്‍ണ്ണായകമായ സ്ഥാനത്തേക്കാണ് കെസി വേണുഗോപാലിന്റെ നിയമനം. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞടുപ്പിനെ തുടര്‍ന്ന് ബിജെപി അധികാരം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന നേതൃത്തത്തെ ഏകോപിപ്പിച്ച് തന്ത്രം മെനഞ്ഞത് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ നേതൃതത്തിലായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയെ പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സി ക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്ന് നീക്കി ഹരിയാനയുടെ ചുമതല നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റ സംഘടന ചുമതലയില്‍ കൊണ്ടു വന്നിരിക്കുന്ന മാറ്റങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്

chandrika: