X

പുനര്‍ഗേഹത്തിനെതിരെ പ്രതിഷേധം;പത്ത് ലക്ഷം എന്തിനു തികയും

തീര പ്രദേശങ്ങളില്‍ പുനര്‍ഗേഹം പദ്ധതി നടപ്പാലാക്കുന്നതിനെതിരെ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ചെറിയ നഷ്ട പരിഹാരം മാത്രം നല്‍കി പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കൂടുതല്‍ പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ രൂപം കൊണ്ടിട്ടുണ്ട്. ബഹുജന കണ്‍വെന്‍ഷനുകളും മറ്റ് പ്രതിഷേധ പരിപാടികളും തീര പ്രദേശങ്ങളില്‍ സജീവമായിട്ടുണ്ട്.

പുനര്‍ഗേഹം പദ്ധതി പ്രകാരം 10 ലക്ഷം രൂപ മാത്രമാണ് കുടി ഒഴിപ്പിക്കുന്നതിന് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ നഷ്ടപരിഹാര തുക ഒന്നിനും തികയില്ലെന്നതാണ് പദ്ധതിക്കെതിരായ പ്രധാന വിമര്‍ശനം. പത്ത് ലക്ഷം രൂപ തന്നിട്ട് എവിടേക്കെങ്കിലും പോയ്‌ക്കൊള്ളൂ എന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്ന് തീര പ്രദേശത്തെ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് സെന്റില്‍ താമസിക്കുന്നവര്‍ക്കും അഞ്ച് സെന്റില്‍ താമസിക്കുന്നവര്‍ക്കും പത്ത് സെന്റില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം ഒരേ നഷ്ടപരിഹാരമെന്ന തീരുമാനം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീരദേശവാസികള്‍ ചോദിക്കുന്നു. കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഓടും ഷീറ്റുമിട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഒരേ നഷ്ടപരിഹാരം എന്നതിന്റെയും മാനദണ്ഡം എന്താണെന്നും ഇവര്‍ ചോദിക്കുന്നു.

തീരത്തോട് ചേര്‍ന്നുള്ള അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കുന്നത്. കടലാക്രമണത്തില്‍ വലിയ ആളപായവും നഷ്ടവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ തീരദേശവാസികളെ നാടുകടത്തി കടക്കെണിയിലാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹമെന്നാണ് തീരദേശവാസികളുടെ വിലയിരുത്തല്‍.

വിവിധ അളവ് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഒരേ നഷ്ടപരിഹാരമെന്ന പോലെ കേരളത്തിലെ തീരദേശ മേഖലക്ക് ഒറ്റ നഷ്ടപരിഹാരമെന്ന മാനദണ്ഡവും അശാസ്ത്രീയമാണെന്ന് തീരദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിക്ക് പൊന്നും വിലയുള്ള പ്രദേശങ്ങളുണ്ട്. ഭൂമിക്ക് അത്ര വിലയില്ലാത്ത പ്രദേശങ്ങളുമുണ്ട്. സ്ഥലം വാങ്ങാന്‍ പോലും ഈ തുക തികയാത്ത പ്രദേശങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പത്ത് ലക്ഷമെന്ന തീരുമാനത്തിന് എന്താണ് അടിസ്ഥാനമെന്ന് പുനര്‍ഗേഹം പദ്ധതിക്കെതിരെ രൂപം കൊണ്ട തീര ഭൂ സംരക്ഷണ വേദി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

അതേസമയം കടലാക്രമണത്തില്‍ ആളപായവും നഷ്ടവും കുറക്കാനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് തീര ദേശത്ത് താമസിക്കുന്ന പലരും വിശ്വസിക്കുന്നുമില്ല. ടൂറിസം മാഫിയക്ക് റിസോര്‍ട്ടുകളും മറ്റ് സൗകര്യങ്ങളുമുണ്ടാക്കാനാണ് പദ്ധതിയെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തീരദേശ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ടൂറിസം താത്പര്യത്തിന് വേണ്ടിയാണെന്നും കേരളവും തുടരുന്നത് അതേ മാതൃകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

 

കൂടുതല്‍ പ്രദേശങ്ങളിലേക്ക്

web desk 3: