X

പാർലമെന്റ് അതിക്രമത്തിൽ പ്രതിഷേധം; ലോക്സഭയിലും രാജ്യസഭയിലുമായി 78 പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ

പാര്‍ലമെന്റിലെ അതിക്രമത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്‌പെന്റ് ചെയ്തത്. ലോക്‌സഭയില്‍ 33 പേരെയും രാജ്യസഭയില്‍ 45 പേരെയും സസ്‌പെന്‍ഡ് ചെയ്തു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കെ സി വേണുഗോപാല്‍, വി ശിവദാസന്‍, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. 3 എംപിമാര്‍ക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും. ബാക്കി ഉള്ളവര്‍ക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

സംഭവത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുകയാണ്. സ്വേച്ഛാധിപത്യ സര്‍ക്കാര്‍ ജനാധിപത്യ മര്യാദകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. പുക ആക്രമണത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണം.

വിശദമായ ചര്‍ച്ച നടത്തണമെന്നും ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശസുരക്ഷാ വിഷയം ഉന്നയിച്ചതിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തെ കുഴിച്ച് മൂടുന്നു. ബില്ലുകള്‍ തടസമില്ലാതെ പാസാക്കുകയാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധം തുടര്‍ന്നും ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയും അമിത് ഷായും പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ചയുണ്ടായി എന്ന് സമ്മതിക്കുന്നുവെന്നും ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയ പ്രതാപ് സിംഹ എംപിക്കെതിരെ നടപടിയില്ല. സഭ നടപടികള്‍ സുഗമമായി മുന്നോട്ട് പോകരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ക്രിമിനല്‍ ബില്ലുകള്‍ ചര്‍ച്ചക്ക് വരുന്നത് ഒഴിവാക്കാനാണ് സസ്‌പെന്‍ഷനെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.

സുരക്ഷാ വീഴ്ച സംബന്ധിച്ച് സഭയെ അറിയിക്കാത്തത് സഭാ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. തെറ്റ് ചൂണ്ടിക്കാണിക്കുക എന്ന ചുമതലയാണ് പ്രതിപക്ഷം നിര്‍വഹിക്കുന്നത്. പ്രതിപക്ഷം ചുമതല നിര്‍വഹിക്കുമ്പോള്‍ പ്രതികാര നടപടി സ്വീകരിക്കുന്നു. പുറത്താക്കിയാല്‍ പാര്‍ലമെന്റിന് പുറത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഇ ടി പറഞ്ഞു.

പാര്‍ലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. കൂടുതല്‍ പ്രതിപക്ഷ എംപിമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടും. പാര്‍ലമെന്റിന് അകത്തുള്ള എംപിമാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

webdesk13: