X

ട്രംപിന്റെ പ്രഖ്യാപനത്തില്‍ അമര്‍ഷം പുകയുന്നു; യു.എസ് എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം

വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളിലേക്ക് ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജൊക്കാര്‍ത്തയിലെ യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണി നിരന്നത്.
ഖുദിസിന്റെ മണ്ണിലേക്ക് യു.എസ് എംബസി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജറൂസലേമിനെയും ഫലസ്തീനെയും ഇസ്രാഈലിന്റെ പിടിയില്‍നിന്ന് മോചിതമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിഷേധം. ഇസ്്‌ലാമിക് പ്രോസ്ഫറസ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം ജസ്റ്റിസ് പാര്‍ട്ടി സംഘടിപ്പിച്ച രണ്ടാമത് കൂറ്റന്‍ പ്രകടനമായിരുന്നു ഇന്നലത്തേത്. യു.എന്‍ പ്രമേയങ്ങളുടെ ലംഘനവും സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതുമാണ് ട്രംപിന്റെ നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തൊനേഷ്യ തികഞ്ഞ ഫലസ്തീന്‍ അനുഭാവ രാഷ്ട്രവും ഇസ്രാഈലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബാന്ധവങ്ങളും ഇല്ലാത്ത രാഷ്ട്രവുമാണ്.
ലബനാനിലെ യു.എസ് എംബസിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ സുരക്ഷാ സൈന്യം കണ്ണീര്‍ വാതക പ്രയോഗം നടത്തി. നോര്‍ത്ത് ബെയ്‌റൂത്തിലെ അക്‌വാര്‍ ഏരിയയിലുള്ള യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ലബനാന്റെയും ഫലസ്തീന്റെയും ദേശീയ പതാകകള്‍ ഏന്തിയാണ് പലരും പ്രകടനത്തില്‍ പങ്കെടുത്തത്. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചും ഇസ്രാഈല്‍, യു.എസ് പതാകകള്‍ക്ക് തീയിട്ടും ജനം പ്രതിഷേധം പ്രകടിപ്പിച്ചു.
ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് യു.എ.ഇയും രംഗത്തെത്തി. ഭീകരകേന്ദ്രങ്ങളെ സഹായിക്കാന്‍ മാത്രമേ ട്രംപിന്റെ നടപടി ഉപകരിക്കൂവെന്നും വിവാദ തീരുമാനം യു.എസ് ഭരണകൂടം പുനഃപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബുബാദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരന്‍ പറഞ്ഞു.
നിരന്തര ശ്രമങ്ങളിലൂടെ അടിച്ചമര്‍ത്തലിന് വിധേയമായിരിക്കൊണ്ടിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനം. മധ്യപൂര്‍വേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള യു.എസിന്റെ സാധ്യതക്ക് ഇതോടെ മങ്ങലേറ്റതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയില്‍നിന്നുള്ള പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ഭൂരിപക്ഷ കിഴക്കന്‍ ജറൂസലേമിന്റെ നിയന്ത്രണം ഫലസ്തീന് നല്‍കണം. ഈ നിര്‍ദേശത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച യു.എന്‍ പ്രമേയങ്ങളുടെ ലംഘനം കൂടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടിയെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കുറ്റപ്പെടുത്തി.
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് സംബന്ധിച്ചത്. ഇസ്രാഈല്‍- യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ജനം തൂര്‍ക്കി പതാകക്കൊപ്പം ഫലസ്തീന്‍ പതാക കൂടി ചേര്‍ത്തുപിടിച്ച് പീഡിത ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫലസ്തീന്‍ ഒറ്റയ്ക്കല്ല, സയണിസം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണിചേര്‍ന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്ന ബുധനാഴ്ച മുതല്‍ തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

chandrika: