X
    Categories: Views

സര്‍ഗാത്മക ധിക്കാരത്തിന് അര്‍ഹനായ പ്രതിഭ

എം. മുകുന്ദന്‍

പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഞാനും അടുത്ത ദേശക്കാരാണ്. എന്നാല്‍, ഡല്‍ഹിയില്‍ വെച്ചാണ് ഞാനും കുഞ്ഞബ്ദുള്ളയും ഏറ്റവും അടുത്ത് ഇടപഴകിയത്. അദ്ദേഹവും ഞാനും പല സ്ഥലങ്ങളിലും അലഞ്ഞു നടക്കും. അപ്പോള്‍ സാഹിത്യം മാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. എല്ലാ കാര്യത്തിനും സ്വതന്ത്രമായ നിലപാട് പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു കുഞ്ഞബ്ദുള്ള. ആധുനിക എഴുത്തുകാരെപ്പോലും അമ്പരപ്പിക്കുന്ന സര്‍ഗാത്മക ധിക്കാരം പ്രകടിപ്പിച്ച ആളാണ് കുഞ്ഞബ്ദുള്ള. തന്റെ ആശയങ്ങളും ചിന്തകളും ധീരമായി എഴുതാനും പ്രകടിപ്പിക്കാനും കുഞ്ഞബ്ദുള്ളക്ക് മടിയുണ്ടായിരുന്നില്ല. എഴുത്തിനുവേണ്ടി ഇത്രയധികം ത്യാഗം സഹിച്ച എഴുത്തുകാരന്‍ വേറെ ഉണ്ടാവില്ല. സമ്പത്തും അഭിമാനവും എഴുത്തിനുവേണ്ടി ത്യജിച്ച അനുഭവമാണ് പുനത്തലിന് ഉണ്ടായിരുന്നത്. ഏറെ പുരസ്്കാരങ്ങളൊന്നും കുഞ്ഞബ്ദുള്ളയെ തേടിയെത്തിയിട്ടില്ല. എന്നാല്‍ വായനക്കാര്‍ ഒരിക്കലും കുഞ്ഞബ്ദുള്ളയെ ഉപേക്ഷിച്ചില്ല. ഇത്രയധികം വായനക്കാരുള്ള എഴുത്തുകാരന്‍ വേറെ ഉണ്ടാവില്ല. കേരളത്തിലെ മുഴുവന്‍ വായനക്കാരും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രചനകള്‍ക്ക് വേണ്ടി കാത്തിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആരെ മറന്നാലും കുഞ്ഞബ്ദുള്ളയെ മലയാളികള്‍ മറക്കില്ല. മലയാളത്തില്‍ ബഷീറിനെ എഴുതി തോല്‍പിക്കുന്ന എഴുത്തുകാരനായി കുഞ്ഞബ്ദുള്ള മാറുമെന്ന് ഒരു ഘട്ടത്തില്‍ എല്ലാവരും കരുതിയിരുന്നു. അത്ര നര്‍മവും നൈര്‍മല്യവും എഴുത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കുഞ്ഞബ്ദുള്ളക്ക് കഴിഞ്ഞിരുന്നു.

യാഥാര്‍ത്ഥ്യവും സങ്കല്‍പവും തമ്മിലുള്ള വിടവ് ഇല്ലാതാക്കിയ പ്രതിഭാശാലിയായിരുന്നു കുഞ്ഞബ്ദുള്ള. സ്മാരകശിലകളിലും മറ്റുമുള്ള കഥാപരിസരം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. മാജിക്കല്‍ റിയലിസം എന്ന് പറയാവുന്ന വിധത്തില്‍ ചില ഘടകങ്ങള്‍ കുഞ്ഞബ്ദുള്ള എഴുത്തില്‍ ഒളിച്ചുവെച്ചു. പുനത്തിലുമായി 50 വര്‍ഷം നീണ്ട സൗഹൃദമാണ് എനിക്കുള്ളത്. ഡല്‍ഹിയില്‍ തുടങ്ങിയ സൗഹൃദം പല ഘട്ടങ്ങളിലൂടെ മുന്നോട്ട് പോയി. കുഞ്ഞബ്ദുള്ള രോഗത്തിന്റെ തടവുകാരനായി കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ താമസമാക്കിയപ്പോഴും സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. രോഗത്തിന്റെ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും കുഞ്ഞബ്ദുള്ള ഒരിക്കലും മാനസികമായി തളര്‍ന്നിരുന്നില്ല. സുഹൃത്തുക്കളെ കാണുമ്പോള്‍ സംസാരിക്കാന്‍ മാത്രമല്ല, പറ്റുമെങ്കില്‍ പഞ്ചഗുസ്തി പിടിക്കാനും അദ്ദേഹം തയാറായി. അതായിരുന്നു കുഞ്ഞബ്ദുളളയുടെ സ്പിരിറ്റ്.

പ്രസംഗവേദിയില്‍ മികച്ച പ്രകടനക്കാരന്‍ ആയിരുന്നില്ല കുഞ്ഞബ്ദുള്ള. എന്നാല്‍, തന്റെ വാദഗതികള്‍ ശക്തമായി ഉന്നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വ്യക്തിപരമായി ഞാനുമായി ഉണ്ടായിരുന്ന അടുപ്പം അവസാനം വരെ തുടര്‍ന്നു. ജ്ഞാനപീഠം ഒരുമിച്ചു വാങ്ങണം എന്നായിരുന്നു കുഞ്ഞബ്ദുള്ള ആഗ്രഹമായി അവസാനം പറഞ്ഞിരുന്നത്. കുഞ്ഞബ്ദുള്ളക്ക് ജ്ഞാനപീഠം കിട്ടിയിരുന്നില്ല. മുകുന്ദന് കിട്ടിയാലും നമുക്ക് ഒരുമിച്ച് വാങ്ങാം എന്നായിരുന്നു കുഞ്ഞബ്ദുള്ളയുടെ കമന്റ്. എഴുത്തിന്റെ കാര്യത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസിയായിരുന്നു. തന്റെ രചനകള്‍ വായനക്കാര്‍ സ്വീകരിക്കുമോ എന്ന ആശങ്ക ഒരിക്കലും പുനത്തിലിനെ അലട്ടിയിരുന്നില്ല. എഴുത്തുകാരന് സമൂഹവുമായി യാതൊരു ബാധ്യതയുമില്ലെന്ന് പ്രഖ്യാപിച്ച ആളായിരുന്നു കുഞ്ഞബ്ദുള്ള. അത്തരം പ്രഖ്യാപനങ്ങള്‍ നടത്താന്‍ മടിയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനും കുഞ്ഞബ്ദുള്ള മടിച്ചില്ല. അതൊന്നും ഏറെ ചിന്തിച്ചെടുത്ത തീരുമാനങ്ങളായിരുന്നില്ല. തോന്നുന്നത് പ്രവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു രീതി. കുഞ്ഞബ്ദുള്ള കടന്നുപോകുമ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെയാണ് നഷ്ടമാകുന്നത്. സ്മാരകശിലകള്‍ പോലുള്ള നോവലുകള്‍ എഴുതിയ എഴുത്തുകാരനെ കാലത്തിന് വിസ്മരിക്കാന്‍ പറ്റില്ല. ചിരകാല സുഹൃത്തായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.

chandrika: