X
    Categories: indiaNews

കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; സഭയില്‍ പ്രതിഷേധവുമായി ആംആദ്മി

അമൃതസര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ മറികടക്കാന്‍ പുതിയ ബില്ലുകള്‍ പാസാക്കി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം പഞ്ചാബില്‍ നടപ്പാക്കില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്.

കേന്ദ്രം പാസാക്കിയ നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാര്‍ നാല് പുതിയ ബില്ലുകളാണ് പാസാക്കിയത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമം പഞ്ചാബില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി. കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കുന്ന നീക്കമാണ് പഞ്ചാബ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം പ്രകാരമാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്. രാജ്യവ്യാപകമായ വലിയ പ്രതിഷേധം ഉയര്‍ന്ന കേന്ദ്ര കാര്‍ഷിക നിയമത്തെ മറികടക്കാന്‍ സംസ്ഥാന തലത്തില്‍ നിയമനിര്‍മാണത്തിലേക്ക് കടക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

അതേസമയം, കാര്‍ഷിക ബില്ലിന്റെ കരട് രൂപം സഭ ചേരുന്നതിന് മുമ്പ് നല്‍കാത്തതില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ നിയമസഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള പുതിയ നിയമത്തിന്റെ കരട് പങ്കിടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭാ കെട്ടിടത്തില്‍ രാത്രി കഴിച്ചുകൂട്ടിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ആപ്പ് അംഗങ്ങള്‍ തന്നെ പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ആംആദ്മി പ്രതിഷേധിച്ചത്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചൊവ്വാഴ്ച ബില്‍ സഭയില്‍ വെച്ചത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയിലാണ് അമരീന്ദര്‍ സിങ് സംസാരിച്ചത്. ബില്ലിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചുവിടപ്പെടുമെന്ന് ഭയപ്പെടുന്നില്ലെന്നും രാജിവെക്കാന്‍ ഭയമില്ലെന്നും, കര്‍ഷക പ്രക്ഷോഭത്തില്‍ നിലപാട് കടുപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

‘സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷേ കര്‍ഷകരെ ദുരുത്തിലാക്കാനോ നശിപ്പിക്കാനോ അനുവദിക്കില്ല.’ അമരീന്ദര്‍ സിങ് പറഞ്ഞു. ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കാനുള്ള സമയമാണെന്നും സംസ്ഥാനത്തെ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമം കേന്ദ്രം പാസാക്കിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമാണ് കേന്ദ്രനിയമത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം പഞ്ചാബ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് പുതിയ ബില്ലുകളും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സഭയില്‍ അവതരിപ്പിച്ചു.

 

 

chandrika: