X
    Categories: indiaNews

കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പഞ്ചാബില്‍ കായിക താരങ്ങള്‍ കൂട്ടത്തോടെ അവാര്‍ഡുകള്‍ മടക്കി നല്‍കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കാനൊരുങ്ങി പഞ്ചാബിലെ മൂന്ന് ബോക്‌സിങ് താരങ്ങള്‍. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങളുടെ നടപടി.

1982 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൗര്‍സിങ്, അഞ്ച് ഒളിമ്പിക്‌സുകളിലെ മുഖ്യപരിശീലകനായിരുന്ന ഗുര്‍ബക്ഷ് സിംഗ് സന്ധു, 1986 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ജയ്പാല്‍ സിംഗ് എന്നിവര്‍ പത്മശ്രീ, ദ്രോണാചാര്യ, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചു.

സ്വന്തം ക്ഷേമത്തിന് പരിഗണന നല്‍കാതെ കടുത്ത തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രകടിപ്പിക്കുന്നുവെന്ന് ഗുര്‍ബക്ഷ് സിംഗ് സന്ധു പറഞ്ഞു. ‘ മനോവീര്യം നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു. ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വന്നത്. അവരുടെ ആശയങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച തൃപ്തികരമായ ഫലം നല്‍കുന്നില്ലെങ്കില്‍ ഞാന്‍ അവാര്‍ഡ് തിരികെ നല്‍കും.’ സന്ധു കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പര്‍ഗത് സിങ്ങും പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടുതവണ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പര്‍ഗത് സിങ് ജലന്ധറിന്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ്.

 

web desk 1: