X
    Categories: MoreViews

പുതുച്ചേരി രജിസ്‌ട്രേഷന്‍: നോട്ടീസ് ലഭിച്ചത് 1500 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ നിരത്തിലോടുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്‍കി തുടങ്ങി. പുതുച്ചേരി രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഇത്. കേരളത്തില്‍ 1500 ഓളം വാഹനങ്ങള്‍ക്ക് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.
നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം മതിയായ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. വിലാസത്തില്‍ ഇപ്പോഴും താമസമുണ്ടോ എന്ന് അന്വേഷിക്കും. പുതുച്ചേരിയിലെ മേല്‍വിലാസവും കെട്ടിട നികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കേണ്ടി വരും. ഇപ്പോള്‍ അവിടെ താമസമില്ല എന്ന് ബോധ്യപ്പെടുന്നവരോടും വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തുന്നവരോടും പുതുച്ചേരിയില്‍ നിന്ന് എന്‍.ഒ.സി വാങ്ങി രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാന്‍ ഇവരോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച പരിശോധന ശക്തമാക്കി തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഉന്നതരുള്‍പ്പെട്ട പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങി. ബിജെപി നേതാവും എം.പിയുമായ സുരേഷ്‌ഗോപി, സിനിമാതാരങ്ങളായ അമലാപോള്‍, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട കേസാണ് അന്വേഷിക്കുന്നത്. ഫഹദും അമലാപോളും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സുരേഷ്‌ഗോപി ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേരുടെ നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള പരാതികളും തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെയും അമലാപോളിന്റെയും വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫഹദ് നല്‍കിയ വിലാസത്തില്‍ അഞ്ചുപേരും അമലപോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സുരേഷ്‌ഗോപിയോട് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയെങ്കിലു അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് സുരേഷ് ഗോപിയുടെ വാദം. സുരേഷ്‌ഗോപി വ്യാജവിലാസം ഉപയോഗിച്ച് രണ്ട് ആഢംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്.
ആദ്യത്തെ കാര്‍ 2010 ജനുവരി 27നും രണ്ടാമത്തെ കാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴുമാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ കാര്‍ ഏഴു വര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനിലാണ് ഓടുന്നത്. സുരേഷ്‌ഗോപി മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം.

chandrika: