X

ഹാത്രസ് കേസ്: സിദ്ദീഖ് കാപ്പന്റെ മോചനത്തിനു വേണ്ടി രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി പി.വി അബ്ദുല്‍ വഹാബ് എം.പി

ന്യൂഡല്‍ഹി: ഹാത്രസില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുമായി പോയ മലയാളി മാധ്യമപ്രവര്‍ത്തന്‍ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി പി.വി അബ്ദുല്‍ വഹാബ് എം.പി. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി സമരത്തിലാണെന്നും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ ഉടന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് സിദ്ദീഖ് കാപ്പന്റെ വിഷയം പി.വി അബ്ദുല്‍ വഹാബ് എം.പി അവതരിപ്പിച്ചത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെ പിന്തുണച്ച അദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമരത്തില്‍ ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞ് എം.പി ഫണ്ട് വേണ്ടെന്നു വെച്ച പ്രധാനമന്ത്രിയുടെ നടപടിയെയും പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ വിമര്‍ശിച്ചു. 2004ല്‍ ഞാന്‍ എം.പിയായ സമയത്ത് അഞ്ചു കോടിയായിരുന്നു എം.പി ഫണ്ട്. അന്ന് ഈ പണംകൊണ്ട് 750ലധികം ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് ഈ തുക അമ്പതോ അറുപതോ ക്ലാസ്സ് മുറികള്‍ക്ക് മാത്രമേ തികയുകയുള്ളൂ. ദിനേനയെന്നോണം തങ്ങളെ സമീപിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എം.പി ഫണ്ട് അനിവാര്യമാണെന്നും എം.പി ഫണ്ട് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായി അഭിപ്രായപ്പെട്ട പി.വി അബ്ദുല്‍ വഹാബ് എം.പി വാക്സിന്‍ വിതരണം ചെയ്യുമ്പോള്‍ ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

web desk 3: