X

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പി.വി അബ്ദുല്‍വഹാബ് എം.പി

ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ഡീപോര്‍ട്ടേഷന്‍കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്നം ഇന്ന് പി.വി അബ്ദുല്‍വഹാബ് എം.പി രാജ്യസഭയില്‍ ഉന്നയിച്ചു.

റിയാദ് ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ മാത്രമായി മലയാളികളടക്കം 600 ഓളം ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് വരാനാകാതെ കുടുങ്ങി കിടക്കുന്നുണ്ടെന്ന് എംപി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവരെ അടിയന്തിരമായി മോചിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും വിസയുടെ കാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങളും മറ്റ് നിയമപരമായ സാങ്കേതിക കാരണങ്ങളാലും കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തടവുകാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അതീവ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വിദേശത്ത് നിന്ന് ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കാത്ത ഇന്ത്യയുടെ കോവിഡ് നിയമങ്ങള്‍ കാരണം ഇത് ഫലത്തില്‍ അവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം നിഷേധികുന്നുവെന്നും എംപി ചൂണ്ടികാണിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലില്‍ കുടുങ്ങിയേക്കാമെന്ന ആശങ്കയും എം.പി ഉന്നയിച്ചു.

ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എം.പി വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പ്രവാസികളാണ് കുടുംബങ്ങളുടെ ഏക പ്രതീക്ഷയെന്നും അവര്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ അവര്‍ക്ക് വേണ്ട നിയമപരവും മറ്റുമായ എല്ലാ പിന്തുണയും നല്‍കി ഈ പ്രശ്നം വേഗത്തില്‍ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സുപ്രധാനമായ ഈ വിഷയം പരിശോധിക്കാന്‍ സഭയിലുള്ള മന്ത്രിയോട് നിര്‍ദേശിച്ചു.

web desk 3: