X

പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ ; സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണമെന്ന് കോടതി അറിയിച്ചു. തടയണ പൊളിച്ചു മാറ്റണമെന്ന മുന്‍ ഉത്തരവ് നടപ്പായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചപ്പോഴാണ് എത്ര സമയം വേണ്ടിവരും എന്ന് ആരാഞ്ഞത്. ഭൂമിയുടെ ഉടമ തടയണ പൊളിച്ചു നീക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതു ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദേശം.
തടയണ പൊളിച്ചു നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നേരത്തെ ഹൈക്കോടതി തടയണ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
വരുന്ന മഴയ്ക്കു മുമ്പു തടയണ പൊളിച്ചു നീക്കണമെന്നായിരുന്നു സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശം. തടയണയുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ ഭീഷണിയാണെന്നു പരിശോധന നടത്തിയ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്കു കുടിവെള്ളമാകേണ്ട, കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയിട്ടുള്ളത്. ഇതു പൊളിച്ചുനീക്കാന്‍ 2015 സെപ്റ്റംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി.ഭാസ്‌കരന്‍ ഉത്തരവിട്ടിരുന്നു. പി.വി. അന്‍വര്‍ പിന്നീടു തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാന്‍ 2017 ഡിസംബര്‍ 8ന് മലപ്പുറം കലക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണു കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നതു താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.

തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എം.പി.വിനോദ് ഹൈക്കോടതിയെ സമീപിച്ചു കേസില്‍ കക്ഷിചേരുകയായിരുന്നു.

web desk 3: