X
    Categories: MoreViews

അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത് നല്‍കി

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നതുള്‍പെടെ നിരവധി നിയമ ലംഘനങ്ങളാണ് എം.എല്‍.എക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ കക്കാടം പൊയിലിലും മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലും നടത്തുന്ന വാട്ടര്‍ തീം പാര്‍ക്കുകള്‍ക്ക് യാതൊരു നിയമവും സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും അനുമതികളും ബാധകമല്ലെന്ന രീതിയില്‍ നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് മാധ്യമങ്ങള്‍ തെളിവ് സഹിതമാണ് പുറത്തു കൊണ്ടുവന്നിട്ടുള്ളത്. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അന്‍വറിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അന്‍വറിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്നത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ട് എത്രയും വേഗത്തില്‍ അന്‍വറിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

chandrika: