X

മരണമില്ലാതെ ഇന്നും ജനഹൃദയങ്ങളില്‍ പി.വി; വിടവാങ്ങിയിട്ട് 25 വര്‍ഷം

പി.കെ മുഹമ്മദലി

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ആവിര്‍ഭാവം മുതല്‍ മുസ്ലിം ലീഗ് നേതൃത്വം കൊയിലാണ്ടിയില്‍ നിന്നായിരുന്നു. പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നേതൃത്വം ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കും കേരളത്തിനും വെളിച്ചം പകര്‍ന്നതിലൂടെയാണ് കൊയിലാണ്ടി ചരിത്രത്തിന്റെ ഭാഗമാവുന്നത്. മര്‍ഹു ശിഹാബ് തങ്ങള്‍, പോക്കര്‍സാഹിബ്, സി എച്ച് മുഹമ്മദ് കോയ സാഹിബ്, ഉമര്‍ ബാഫഖി തങ്ങള്‍ തുടങ്ങി മഹാന്‍മാരുടെ ആദ്യകാല പ്രവര്‍ത്തന കേന്ദ്രമാണ് കൊയിലാണ്ടി. മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഒട്ടേറെ പ്രമുഖര്‍ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് നിന്നും കടന്ന് വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനിയാണ് പി.വി മുഹമ്മദ് സാഹിബ്.

കൊയിലാണ്ടി പട്ടണത്തില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച പി.വി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ,സംസ്ഥാന കൗണ്‍സിലര്‍, എന്നി പാര്‍ട്ടി സ്ഥാനങ്ങള്‍ക്ക് പുറമെ നിയമസഭ സമാജികന്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗ് പ്രസ്ഥാനം കോഴിക്കോട് ജില്ലയില്‍ കെട്ടിപടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവാണ് പി.വി. പാര്‍ട്ടിയെ ഉയര്‍ച്ചയുടെ പടവുകള്‍ കയറ്റി അദ്ദേഹത്തിന്റെ അനുഭവങ്ങളെയും കഴിവുകളെയും കരുത്താക്കി മാറ്റി പ്രതിസന്ധികളെ നേരിടാനും തരണം ചെയ്യാനും കാണിച്ച കരുത്ത് ഇന്നും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ജ്വലിച്ച് നില്‍ക്കുന്ന ഓര്‍മ്മകളാണ്. പിവിയുടെ ചിന്തകളുടെയും ചലനങ്ങളുടെയും കരുത്താണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് കാണുന്ന രീതിയിലുള്ള പാര്‍ട്ടി സംവിധാനം. പി.വിയെ സമീപിച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല.ഏത് വലിയ കുരുക്കിനും പരിഹാരം കണ്ടുപിടിക്കാന്‍ കഴിവുള്ള അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ.പിവിക്ക് തൂല്യനായി പി വി മാത്രം. ന്യൂനപക്ഷ സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന് ശക്തമായ പോരാട്ടം നടത്തി കോഴിക്കോടിന്റെ മുക്കുമൂലകളിലും വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തി പാര്‍ട്ടിയെ വളര്‍ത്തിയ കരുത്തിന്റെയും ചങ്കുറപ്പിന്റെയും പര്യായമാണ് പി.വി എന്ന രണ്ടക്ഷരം.

പി വി യുടെ കാലത്ത് നടന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ ഇന്നും ചരിത്രത്തില്‍ വലിയ അടയാളമാണ്. കൊയിലാണ്ടി എല്ലാം ബലിപെരുന്നാളിനും നടക്കുന്ന സമ്മേളനങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്‌കൃതിക്ക് വലിയ മാറ്റ് കൂട്ടിയിട്ടുണ്ട്. മോടിയിലും മേളയിലും ഗജവീരന്‍മാരുടെ അകമ്പടിയിലും വെടിക്കെട്ടുകളുടെ ഇടി മുഴക്കത്തിലും ചരിത്ര സമ്മേളനങ്ങള്‍ പി വിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചെറുപ്പ വലുപ്പ വിത്യാസമില്ലാതെ പ്രവര്‍ത്തകരുമായി ആത്മബന്ധം പുലര്‍ത്തി എല്ലാം പ്രവര്‍ത്തകരുടെയും സന്തോഷത്തിലും ദുഖത്തിലും ഒരുവനായി നിന്ന മാതൃകാ നേതാവാണ്. ധൈര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഓടിച്ചെല്ലാന്‍ പറ്റുന്ന ഒരിടം എന്നതായിരുന്നു പാര്‍ട്ടിയിലും പ്രവര്‍ത്തകരുടെ മനസ്സിലും അദ്ദേഹത്തിനുണ്ടായ സ്ഥാനം. നാദാപുരത്തെ മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ പി വിയുടെ നേതൃപാടവം വലിയ തണലായിരുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടും തീരുമാനങ്ങളും വളരെ പ്രശംസിയനവും സംഘടനക്കും സമുദായത്തിനും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. നിയമ സഭ സമാജികനെന്ന നിലയില്‍ 1982,1985,1989 മൂന്നുകാലഘട്ടങ്ങളിലായി 12 വര്‍ഷം കൊടുവള്ളി അസംബ്ലി നിയോജക മണ്ഡലത്തിന്റെ എം.എല്‍എ ആയിരുന്നു പി.വി. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊണ്ട് വന്ന് പിന്നോക്കവസ്ഥയിലായിരുന്ന പ്രദേശങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നിയമ സഭയില്‍ പി.വി നടത്തിയ നര്‍മ്മം കലര്‍ന്ന പ്രസംഗങ്ങള്‍ ഇന്നും ഓര്‍മ്മകളാണ് . പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ എനിക്കെന്ത് നേടാനായി എന്ന് ചിന്തിക്കുന്ന അരാഷ്ട്രീയ കാലത്ത് പി വി എന്നും മാതൃകയാണ്. തന്റെ സ്വന്തം നേട്ടങ്ങള്‍ മാറ്റിവെച്ച് സ്വത്വ ബോധവും ആദര്‍ശ മൂല്യങ്ങളും മുറുകെപിടിച്ച നേതാവാണ് പി.വി. നിരവധി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരാനും പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്താനും പിവിക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലാ ജനറല്‍ സിക്രട്ടറി,എം എല്‍ എ തുടങ്ങി പദവികള്‍ വഹിക്കുമ്പോഴും വാര്‍ഡ് ശാഖ കമ്മിറ്റികള്‍ക്ക് പ്രാധാന്യം നല്‍കി സാധരണക്കാരന്റെ വികാര വിചാരങ്ങള്‍ ആവാഹിച്ചെടുത്ത് പി.വി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിലെ ദയ മന്‍സിലിന്റെ കവാടം ഇരുപത്തിനാല് മണികൂറും സമുദായത്തിന് വേണ്ടി തുറന്ന് വെച്ചതായിരുന്നു. ജനകീയ രാജാവിന്റെ ദര്‍ബാറിയിരുന്നു ദയ മന്‍സ്. നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് അവിടെ വരുന്നവരെല്ലാം തിരിച്ച് പോകാറ്. പി വി എന്ന രാജകുമാരന്‍ പൊലിഞ്ഞ് പോയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും താരാപഥത്തില്‍ തലയുയര്‍ത്തി നിന്ന ആ നക്ഷത്രത്തിന്റെ തിളക്കം ഇന്നും നമ്മുടെ മനസ്സില്‍ പ്രകാശം പരത്തുകയാണ് . ആ കര്‍മ്മയോഗിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മരണമില്ല

 

webdesk11: