X
    Categories: gulfNews

പെണ്‍കുട്ടികള്‍ക്ക് ‘മയക്കു’ഗുളിക നല്‍കിയ അധ്യാപികയെ പുറത്താക്കി; ലഹരി അംശമില്ലെന്ന്  ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

അശ്‌റഫ് തൂണേരി
ദോഹ: സ്വകാര്യ സ്‌കൂളിലെ ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഗുളിക നല്‍കിയ അധ്യാപികയെ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. രക്ഷിതാക്കളുടെ അനുമതിയോട് കൂടി സ്‌കൂള്‍ നഴ്‌സിന് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കാന്‍ അനുമതിയുള്ളു എന്ന നിയമം ലംഘിച്ചതിനാണ് നടപടി. 

കഴിഞ്ഞ ദിവസം നൗറിഎച്ച് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് കുട്ടികളുടെ പരീക്ഷാ പേടി അകറ്റാനെന്ന പേരില്‍ ഖത്തറിലെ ഒരു സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക്  ‘മയക്കു’ ഗുളികകള്‍ നല്‍കിയതായി പരാതിപ്പെട്ടത്. മന്ത്രാലയത്തെയും രണ്ട് പ്രമുഖ അറബ് മാധ്യമങ്ങളെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്. ഇതേ തുടര്‍ന്നാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണമാരംഭിച്ചത്.

അധ്യാപിക, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍, മരുന്ന് കഴിച്ച കുട്ടികള്‍ എന്നിവരില്‍ നിന്ന് വെവ്വേറെ മൊഴിയെടുത്തിരുന്നു. ഇത് ആദ്യ സംഭവമാണെന്ന് എല്ലാവരും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയുണ്ടായി. ഗുളികകള്‍ ലബോറട്ടറിയില്‍ പരിശോധനാ വിധേയമാക്കുകയും ചെയ്തു. ലഹരി വസ്തുക്കളോ മറ്റ് നിരോധിത വസ്തുക്കളോ ഗുളികയുടെ ഉള്ളടക്കത്തില്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആളുകളുടെ അഭിപ്രായപ്രകടനങ്ങളുടെ ആധികാരികത അറിയാനും അന്വേഷണം ഉറപ്പ് വരുത്തുന്നതിനും വിദ്യാഭ്യാസ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാ അഭിപ്രായങ്ങളും അന്വേഷണങ്ങളും മന്ത്രാലയ വെബ്‌സൈറ്റ് വഴിയും സാമൂഹിക മാധ്യമ പേജുകള്‍ വഴിയും അറിയിക്കാമെന്നും ഹോട്‌ലൈന്‍ നമ്പരായ 155-ല്‍ വിളിക്കാമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

web desk 1: