X

ഉപരോധം അവസാനിപ്പിക്കാന്‍ രാജ്യാന്തര മധ്യസ്ഥതയ്ക്കായി ഖത്തര്‍

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിക്കുന്നതിന് രാജ്യാന്തര മധ്യസ്ഥത്തിന് ഖത്തര്‍ ശ്രമങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. സഊദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ജൂണ്‍ അഞ്ചു മുതല്‍ ഖത്തറിനെതിരെ ഉപരോധം തുടരുകയാണ്. ഏഴു മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപരോധം അവസാനിപ്പിക്കുന്നതിനോ ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരം കാണാനോ സാധിച്ചിട്ടില്ല. ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഓഫീസ് സാങ്കേതിക മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രാജ്യാന്തര ഇടപെടലിന് ഖത്തര്‍ ശ്രമം ശക്തമാക്കിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ ഒഎച്ച്‌സിഎച്ച്ആറി(ഓഫീസ് ഓഫ് ദ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്)ല്‍ നിന്നുള്ള സാങ്കേതിക മിഷന്റെ റിപ്പോര്‍ട്ടിനെ ഏറെ മൂല്യത്തോടെയാണ് കാണുന്നതെന്ന ഖത്തര്‍ വ്യക്തമാക്കി. ഉപരോധത്തിന്റെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. അനുചിതവും വിവേചനപരവുമായ നടപടികളാണ് സഊദി സഖ്യം സ്വീകരിച്ചത്. ഖത്തറിനെതിരെ സഊദി സഖ്യം സ്വീകരിച്ച നടപടികള്‍ക്ക് നിയമപരമായ സാധുതയില്ല. നടപടികള്‍ തികച്ചും സ്വേച്ഛാധിപത്യമാണ്. ഉപരോധത്തെ തുടര്‍ന്ന് വലിയതോതില്‍ സാമ്പത്തിക നഷ്ടം രാജ്യത്തിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉണ്ടായി. സാമ്പത്തിക യുദ്ധമാണ് ഖത്തറിനെതിരേ സഊദി സഖ്യം യഥാര്‍ഥത്തില്‍ സ്വീകരിച്ചതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യക്തികളുടെ മേല്‍ സഊദി സഖ്യം സ്വീകരിച്ച നടപടികളുടെ സങ്കീര്‍ണമായ പ്രത്യാഘാതങ്ങള്‍, ജനങ്ങള്‍ക്കുണ്ടായ മാനസിക പ്രയാസം, അപകീര്‍ത്തികരമായ മാധ്യമ പ്രചരണം, രാജ്യത്തിനും ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലത്തുന്നതിനു വേണ്ടിയാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.ഉപരോധം അവസാനിപ്പിക്കുന്നതിന് രാജ്യാന്തരതലങ്ങളിലേക്ക് ഇപ്പോള്‍ത്തന്നെ നീങ്ങിയിട്ടുണ്ടെന്ന് അല്‍ഖാതിര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ക്കോ രാജ്യാന്തര കോടതികളിലേക്കോ അതല്ലെങ്കില്‍ യുഎന്‍ സ്ഥാപനങ്ങളിലേക്കോ നീങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉപരോധത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
ഒഎച്ച്‌സിഎച്ച്ആര്‍ പ്രതിനിധികള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഖത്തര്‍ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വദേശികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. നവംബര്‍ 17 മുതല്‍ 24വരെയുള്ള സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കുകയും ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു.
പക്ഷഭേദമില്ലാത്ത രാജ്യാന്തര കാഴ്ചപ്പാടിലൂന്നിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്നും അതില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് പ്രധാന പോയിന്റുകളാണെന്നും അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. ഉപരോധരാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. നേരത്തെ എന്‍ജിഒകളാണ് ഉപരോധത്തിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ വന്ന യുഎന്‍ റിപ്പോര്‍ട്ടിന് മൂല്യമേറെയുണ്ട്. ഉപരോധ രാജ്യങ്ങള്‍ കൂടി അംഗങ്ങളായ ഒരു യുഎന്‍ സ്ഥാപനത്തിന്റേതാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമാണ് റിപ്പോര്‍ട്ടിനുള്ളത്. ഈ റിപ്പോര്‍ട്ടിനെ അവഗണിക്കാനോ തള്ളിക്കളയാനോ ആ രാജ്യങ്ങള്‍ക്ക് ഇനി കഴിയില്ലെന്നും അല്‍ഖാതിര്‍ പറഞ്ഞു. യുഎന്‍ സാങ്കേതിക മിഷന്‍സംഘത്തെ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍പോലും ഉപരോധരാജ്യങ്ങള്‍ തയാറാകാത്ത കാര്യവും ഖത്തര്‍ ചൂണ്ടിക്കാട്ടി. ഉപരോധം നിയമവിരുദ്ധമാണെന്നതിന്റെ തെളിവാണ് ഒഎച്ച്‌സിഎച്ച്ആര്‍ പഠന റിപ്പോര്‍ട്ടെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ അലി ബിന്‍ സമൈഖ് അല്‍മര്‍റി പറഞ്ഞു.

chandrika: