X

ഖത്തറിനെതിരായ ഏകപക്ഷീയ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യാന്തര പരിപാടി

ദോഹ: ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യാന്തര സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നു. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനീവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ചര്‍ച്ചകളിലും കൂടിയാലോചനകളിലും ഡോ.അല്‍മര്‍റി പങ്കെടുത്തിരുന്നു. ജനങ്ങളുടെ ന്യായമായ സംരക്ഷണം മാനുഷികകടമയാണ്. രാജ്യാന്തര സംഘടനകള്‍, പാര്‍ലമെന്റുകള്‍, രാജ്യാന്തര അസോസിയേഷനുകള്‍ എന്നിവയൊന്നും ഈ കടമകള്‍ അവഗണിക്കരുത്. ഖത്തറിനെതിരായ ഉപരോധത്തിന്റെ ഫലമായുള്ള മാനുഷിക നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണം. ജനങ്ങള്‍ക്കെതിരായ ഏകപക്ഷീയവും തെറ്റായതുമായ നടപടികളെ വിലക്കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യാന്തര സംവിധാനം വികസിപ്പിക്കുന്നതും സംബന്ധിച്ചും യൂറോപ്യന്‍ പാര്‍ലമെന്റ് യൂറോപ്യന്‍ രാജ്യാന്തര പ്രഖ്യാപനം നടത്തണം. പ്രതിസന്ധി നീളണമെന്നാണ് ഉപരോധ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്നും ഡോ. അല്‍മര്‍റി പറഞ്ഞു.

chandrika: