X

അരങ്ങൊഴിഞ്ഞിട്ടും ആരവം അടങ്ങാത്ത ഖത്തര്‍- എഡിറ്റോറിയല്‍

അതിഗംഭീരം എന്ന മലയാള പദത്തിന് പുതിയ വിശേഷണം കേള്‍ക്കണോ…? ഖത്തര്‍ ലോകകപ്പ്. ഗംഭീരത്തിന് വിശേഷണമായി ആളുകള്‍ ഇപ്പോള്‍ പറയുന്നത് ഖത്തര്‍ ലോകകപ്പ് പോലെയെന്നാണ്. വലിയ ആള്‍ക്കൂട്ടത്തെ കണ്ടാല്‍ നമ്മള്‍ പറയാറില്ലേ തൃശൂര്‍ പൂരത്തിന് പോയത് പോലെയെന്ന്. അത് പോലെ അതിമനോഹരമായ പരിപാടികള്‍ക്ക് അലങ്കാരമായി ഖത്തര്‍ ലോകകപ്പിനെ ചേര്‍ക്കുമ്പോള്‍ മാര്‍ക്ക് നല്‍കേണ്ടത് ആ രാജ്യത്തെ ഭരണാധികാരിക്കാണ്. 42 വയസുള്ള ഒരു ചെറുപ്പക്കാരന്‍. അദ്ദേഹത്തിന് കട്ട സപ്പോര്‍ട്ടുമായി രാജ കുടുംബവും കൊച്ചു രാജ്യവും. ആ രാജ്യത്ത് ജീവിക്കുന്ന പ്രവാസ ലോകം നിറഞ്ഞ പിന്തുണയുമായി അമീറിനൊപ്പം. ഖത്തര്‍ വിസ്മയമായത് ഈ സമ്പൂര്‍ണ പിന്തുണയിലാണ്.

ലോകകപ്പിന്റെ വന്‍ വിജയം കണ്ടിട്ട് പാശ്ചാത്യര്‍ക്ക് ദഹിക്കുന്നില്ല. ലോകകപ്പിന് മുമ്പ് എന്തെല്ലാമായിരുന്നു പുകില്… ഖത്തറില്‍ മനുഷ്യാവകാശ ധ്വംസനമാണ്, ഖത്തറില്‍ ജീവിക്കാനാവില്ല, ലോകകപ്പ് സമയത്ത് ട്രാഫിക്ക് ദുരന്തമുണ്ടാവും, തിക്കും തിരക്കമുണ്ടാവും, ശുദ്ധ വായു ലഭിക്കില്ല.. അറിയപ്പെടുന്ന മാധ്യമ ഓണ്‍ലൈന്‍ ബഹളക്കാര്‍ നുണക്കഥകള്‍ പലതും പ്രചരിപ്പിച്ചു. നമ്മുടെ മലയാളത്തിലെ ചില കുത്തകക്കാരും അത് ഏറ്റുപിടിച്ചു. ഖത്തറില്‍ ഒട്ടകപ്പനിയെന്ന് ഒരു ഓസ്‌ട്രേലിയന്‍ ഓണ്‍ലൈന്‍ കഥ നിരത്തിയപ്പോള്‍ അത് അതേ പടി മലയാളീകരിച്ചു ഒരു മുത്തശ്ശിപത്രം. പക്ഷേ ദോഹയില്‍ പോയി ലോകകപ്പ് നേരില്‍ കണ്ട ആബാലവൃദ്ധം പറഞ്ഞു, അതിഗംഭീരം. ഇവിടെയാണ് ഗംഭീരം എന്ന മലയാളപദത്തിന് ഖത്തര്‍ ലോകകപ്പ് പോലെ എന്ന വിശേഷണം അനുയോജ്യമായി മാറുന്നത്.

ഖത്തര്‍ അമീര്‍ ഷെയിക് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന യുവതയുടെ പ്രതിനിധി അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ലോകകപ്പ് മത്സരങ്ങള്‍ നടന്ന ഒരു മൈതാനത്തോ, അതിന്റെ പ്രാന്തങ്ങളിലോ കണ്ടില്ല. ലോകകപ്പ് കഴിഞ്ഞപ്പോള്‍ തന്നെ സഹായിച്ച 20,000 വോളണ്ടിയര്‍മാര്‍ക്ക് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് അദ്ദേഹം നല്‍കി. അതില്‍ പോലും ഒരു ചിത്രവുമില്ല. ലോകത്തെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹവും ഭരണകൂടവും. യുറോപ്യന്മാര്‍ അവരുടെ പഴയ ആഢ്യ മനോഭാവത്തില്‍ പലതും വിളിച്ചു പറയുമെന്ന് അറിയാവുന്നതിനാല്‍ ഖത്തര്‍ ഭരണകൂടം പ്രതികരിക്കാന്‍ പോയില്ല. അമീര്‍ പറഞ്ഞത് ഒന്ന് മാത്രം നിങ്ങള്‍ ഖത്തറിലേക്ക് വരു, ലോകകപ്പ് ആസ്വദിക്കു, മടങ്ങു…

29 ദിവസം ദീര്‍ഘിച്ച മെഗാ ചാമ്പ്യന്‍ഷിപ്പ്. ഫുട്‌ബോള്‍ ലോകത്തെ കിരീടം വെച്ച രാജകുമാരന്‍ ലിയോ മെസി ആ കിരീടം സ്വന്തമാക്കി. കിരീടം സ്വീകരിക്കുന്നതിന് മുമ്പ് അമീര്‍ അദ്ദേഹത്തെ ബിഷ്ത് എന്ന അറേബ്യന്‍ ആചാര വസ്ത്രം ധരിപ്പിച്ചു. അത് കണ്ട് ചിലര്‍ക്ക് കുരുപൊട്ടി. അവര്‍ ഉച്ചത്തില്‍ പറഞ്ഞ് വാട്ടീസ് ഗോയിംഗ് ഓണ്‍….? എന്താണവിടെ സംഭവിക്കുന്നത്…? പക്ഷേ അപശബ്ദങ്ങള്‍ പലതും കേട്ടതിനാല്‍ അതാരും മൈന്‍ഡ് ചെയ്തില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തെ മറച്ച് ഒരു അറേബ്യന്‍ സ്ഥാന വസ്ത്രമോ… ആരവിടെ…? ബഹളത്തിനിടെ ചിരിയോടെ മെസി എന്ന അതികായന്‍ ആ വസ്ത്രം ധരിച്ചു. ഫിഫ ലോകകപ്പ് വാങ്ങി. തുള്ളിച്ചാടി. ഇപ്പോള്‍ ഖത്തറില്‍ നിന്നും വരുന്ന വാര്‍ത്ത അവിടുത്തെ പ്രധാന മാര്‍ക്കറ്റായ സുഖ് വാകിഫില്‍ പോയി ഈ പാശ്ചാത്യര്‍ ബിഷ്ത് തെരയുകയാണെന്നാണ്. അവര്‍ക്കും വേണമത്രെ ബിഷ്ത്.

ഭരണകൂടത്തിന് വേണ്ടത് വ്യക്തമായ ലക്ഷ്യവും ആ ലക്ഷ്യത്തിലേക്കുള്ള ദിശാ ബോധവുമാണ്. അതാണ് ഖത്തര്‍ അമീര്‍ തെളിയിച്ചത്. 2010 ലാണ് ഫിഫ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. അന്ന് മുതല്‍ ആരംഭിച്ച കഠിനാദ്ധ്വാനമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. 12 വര്‍ഷത്തിന് ശേഷം അതിഗംഭീരമായി അവര്‍ ലോകകപ്പ് നടത്തി. പടിഞ്ഞാറിന്റെ പിന്തിരിപ്പന്‍ പരാതികള്‍ മാറ്റി നിര്‍ത്തിയാല്‍ 100 ല്‍ 100 മാര്‍ക്ക് നല്‍കേണ്ട സംഘാടനം. ഫിഫയുടെ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോ പറഞ്ഞു, അതികേമം എന്ന്. ഇന്‍ഫാന്‍ഡിനോ ഒരു പടിഞ്ഞാറുകാരനാണ്. പക്ഷേ അദ്ദേഹത്തിന് സത്യം പറയാതെ വയ്യാത്ത അവസ്ഥയായി. കാരണം കൂറെ നാളായി ഇതെല്ലാം അദ്ദേഹം നേരില്‍ കാണുന്നു. അറബ് നാടിന്റെ ആതിഥ്യ മര്യാദ, അച്ചടക്കം, പാരമ്പര്യം, ശീലങ്ങള്‍, ആചാരങ്ങള്‍…. ഖത്തറില്‍ മദ്യം വിതരണം ചെയ്യില്ല എന്ന് പറഞ്ഞപ്പോള്‍ കുരുപൊട്ടിയവര്‍ക്ക് കോള വാങ്ങി കുടിക്കേണ്ടി വന്നു. അത് കുടിച്ച് കൊണ്ട് അവര്‍ ദുഷിപ്പെഴുതി. അതിലൊന്നും വിഴാതെ ഇപ്പോള്‍ ദോഹയില്‍ നിന്നും ആഗോളീയര്‍ ചിരിയോടെ മടങ്ങുമ്പോള്‍ അമീര്‍ ചിരിയോടെ പറയുന്നു, അസ്സലാമു അലൈക്കും.

webdesk13: