X

നിശ്ശബ്ദനായി മറഡോണക്കൊപ്പമായിരുന്നുവെന്ന് ഹാവിയേര്‍ മാലുഫ്

അശ്റഫ് തൂണേരി

വെള്ളയും ഇളംനീലയും കലര്‍ന്ന പത്താം നമ്പര്‍ ഫുള്‍കൈ ജഴ്സി കൈയ്യില്‍ പിടിക്കുമ്പോഴെല്ലാം കണ്ണുനിറയും ഒരാള്‍ക്ക്. തന്റെ ഇഷ്ടനായകന്റെ ഓര്‍മ്മയാണ് തന്നോടൊപ്പമുള്ളതെന്ന സായൂജ്യമുള്ളപ്പോഴും ആ വേര്‍പാട് മായുന്നില്ല. ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ വിടപറഞ്ഞിട്ട് വര്‍ഷം രണ്ടായിട്ടും ദു:ഖ ഭാരവും പേറി ഒരാള്‍ ഖത്തറിലുണ്ട്. ഹാവിയര്‍ മാലുഫ് എന്ന അര്‍ജന്റീനിയന്‍ സ്വദേശി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.

ഇന്നലെ ഏതാനും നിമിഷം മറഡോണയുടെ ജഴ്സി ധരിച്ച് നിശബ്ദമായ പ്രാര്‍ത്ഥനകളോടെ മറഡോണക്കൊപ്പമുണ്ടായെന്ന് മാലൂഫ് പറഞ്ഞു. നമുക്കെല്ലാവര്‍ക്കും മറഡോണയുടെ കഥ അറിയാം. കളിക്കളത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മറക്കാനാകില്ലെന്നും 56കാരനായ അദ്ദേഹം വ്യക്തമാക്കി. തന്റെ ശേഖരത്തിലുള്ള മറഡോണ ഓര്‍മ്മച്ചിത്രങ്ങളും അപൂര്‍വ്വ ശേഖരങ്ങളും ലോക ആരാധകര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു ഇപ്പോള്‍. ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയിസിന്റെ വി.ഐ.പി ലോഞ്ചില്‍ സജ്ജീകരിച്ച ഖത്തര്‍ ഹൗസിലാണ് ശേഖരങ്ങള്‍ കൈമാറിയിട്ടുള്ളതെന്ന് ഹാവിയര്‍ മാലുഫ് ‘ചന്ദ്രിക’യോട് പറഞ്ഞു. 1980ലോകകപ്പില്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മറഡോണ ധരിച്ചതാണ് പത്താം നമ്പര്‍ ജഴ്സി. വിവിധ ലോകകപ്പുകളിലെ ഫുട്ബോളുകളും മെസ്സിയുടെ ജഴ്സിയും ചിത്രങ്ങളുമെല്ലാം ഹാവിയറിന്റെ ശേഖരത്തിലുണ്ടെങ്കിലും മറഡോണയാണ് താരം.

ഇപ്പോഴത്തെ പത്താം നമ്പര്‍ ലയണല്‍ മെസ്സിക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും മറഡോണയുടെ പേരിന് തന്നെയാണ് ഇപ്പോഴും നിഗൂഢമായ ശക്തിയെന്നും അദ്ദേഹം പറയുന്നു. 1980ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് മലൂഫിന്റെ ഫുട്ബോള്‍ ജേഴ്സി ശേഖരത്തിലെ വിലമതിക്കാനാവാത്ത ഇനം. ആദ്യ ലോകകപ്പ് കളിച്ച കാര്‍ലോസ് പ്യൂസെല്ലെ 1931 ല്‍ ധരിച്ച ജഴ്സിയും 1978ല്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ മരിയോ കെംപെസ് ധരിച്ച രക്തം പുരണ്ട ജഴ്സിയുമുണ്ട്.

ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിന് സമീപമുള്ള ഭീമാകാര മറഡോണ ചുവര്‍ചിത്രത്തിലേക്ക് തീര്‍ത്ഥാടനം പോലെയെത്തുന്ന ആയിരക്കണക്കിന് ആരാധകര്‍ പ്രാര്‍ത്ഥനയോടെ പറയുന്നു; അര്‍ജന്റീന ഈ ലോകകപ്പില്‍ തുടരണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന മത്സരം മറഡോണയും കാണുമായിരിക്കുമെന്ന്.

 

web desk 3: