X

സ്‌ട്രോബറിയില്‍ സൂചി: ഓസ്‌ട്രേലിയയില്‍ അമ്പതുകാരി അറസ്റ്റില്‍ 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്‌ട്രോബറിക്കുള്ളില്‍ തയ്യല്‍ സൂചി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അമ്പതുകാരി അറസ്റ്റില്‍. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍നിന്നാണ് സൂചികള്‍ കണ്ടെത്തിയത്. സെപ്തംബര്‍ മുതല്‍ മൂന്ന് മാസത്തോളം ഓസ്‌ട്രേലിയക്കാരെ സ്‌ട്രോബറി സൂചികള്‍ ഭീതിയിലാഴ്ത്തിയിരുന്നു. ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളില്‍നിന്ന് കൂടി സൂചികള്‍ ലഭിച്ചതോടെ ജനങ്ങള്‍ക്ക് പഴങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. ക്വീന്‍സ്‌ലാന്റില്‍നിന്നാണ് സ്ത്രീയെ പൊലീസ് പിടികൂടിയത്. ഇവര്‍ എന്തിനാണ് പഴങ്ങളില്‍ സൂചികള്‍ ഒളിപ്പിച്ചതെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മാസങ്ങള്‍ നീണ്ട ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റുണ്ടായത്. സൂചി ഒളിപ്പിച്ച സ്‌ട്രോബറി കഴിച്ച് ചിലരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ആറ് സംസ്ഥാനങ്ങളില്‍നിന്ന് നൂറിലധികം കേസുകളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ ഭീതിയിലായതോടെ സ്‌ട്രോബറി വില്‍പ്പന സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഇത് സാമ്പത്തിക നഷ്ടമാണ്് കര്‍ഷകര്‍ക്കുണ്ടാക്കിയത്. സ്‌ട്രോബറികള്‍ വാങ്ങാന്‍ ആളില്ലാത്തെ കുന്നുകൂടിക്കിടന്ന് നശിച്ചു. സൂചി ഒളിപ്പിക്കുന്ന ആളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് രാജ്യവ്യാപാകമായി തെരച്ചില്‍ നടത്തിയിരുന്നു.

 

chandrika: