X

വീണ്ടും ‘അതേ’ ചോദ്യം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നര മാസത്തിനിടെ നാലാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു. ഒന്നര മാസത്തിനിടയില്‍ നാലാമത്തെ ചോദ്യ പേപ്പര്‍ ആവര്‍ത്തനമാണ് ഇന്നലെയുണ്ടായത്. എം.എസ്.സി മാത്ത്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് കഴിഞ്ഞ വര്‍ഷത്തെ പേപ്പര്‍ ആവര്‍ത്തിച്ചത്. സംഭവത്തെ കുറിച്ച് പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി.

കഴിഞ്ഞ മാസം മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ടു പരീക്ഷകളുടെ ചോദ്യപേപ്പറും മൂന്നാം സെമസ്റ്റര്‍ ബോട്ടണിയുടെ ചോദ്യപേപ്പറും ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും ആവര്‍ത്തനമുണ്ടായത്. രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തില്‍ പരീക്ഷാ കണ്‍ട്രോളറുടെ ഭാഗത്ത് നിന്ന് അനാസ്ഥ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

പരീക്ഷാ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതില്‍ സര്‍വകലാശാലക്ക് പിഴവ് സംഭവിച്ചതായി നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാവുന്ന പിഴവിനെ തുടര്‍ന്ന് ഡെപ്യൂട്ടേഷന്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. കോഴിക്കോട് മീഞ്ചന്ത ആട്‌സ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായ അദ്ദേഹം ഡെപ്യുട്ടേഷനിലാണ് പരീക്ഷാ കണ്‍ട്രോളറായി എത്തിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ജീവനക്കാരനില്‍ നിന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരണം തേടിയിട്ടുണ്ട്. സര്‍വകലാശാല ഭരണം കുത്തഴിഞ്ഞ നിലയിലാണ് എന്നതിന്റെ സൂചനയാണ് നിരന്തരമുള്ള ചോദ്യപേപ്പര്‍ ആവര്‍ത്തനം. വിസി നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിനുപിന്നലെ തുടര്‍ച്ചയായ വീഴ്ചയാണ് ഉണ്ടാവുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. പരീക്ഷാ പേപ്പര്‍ ആവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്ക് കൂടിയുണ്ടെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

ഏപ്രില്‍ 21-ന് നടന്ന മുന്നാം സെമസ്റ്റര്‍ സെക്കോളജി പരീക്ഷയുടെ ‘സൈക്കോളജി ഓഫ് ഇന്റിവിജ്വല്‍ ഡിഫറന്‍സസ്’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ആദ്യം ആവര്‍ത്തിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ വിസിയെ കാര്യം ധരിപ്പിച്ചു. സംഭവം പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന ‘ന്യൂറോ ബയോളജിക്കല്‍ പെര്‍സ്‌പെക്ടീവ്’ പരീക്ഷയുടെ ചോദ്യ പേപ്പറും ആവര്‍ത്തിച്ചു. ഇതോടെ സംഭവം വിവാദമായി. ഇതിനിടെ ഏപ്രില്‍ 21ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയിലും ചോദ്യാവര്‍ത്തനമുണ്ടായി. വിസി നിയോഗിച്ച രണ്ടംഗ സമിതിഅന്വേഷണത്തില്‍ ആവര്‍ത്തനം സ്ഥിരീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Chandrika Web: