X

ഒന്നേകാല്‍ കിലോമീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ കാലിഗ്രാഫി; ഗിന്നസ് റെക്കോഡിനരികില്‍ മുഹമ്മദ് ജസീം

മഞ്ചേരി: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മുഹമ്മദ് ജസീം. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയും ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥിയുമായ ജസീമിന്റെ രണ്ട് വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയം കൂടിയാണിത്.ആയിരത്തി ഇരുനൂറ് മീറ്റര്‍ നീളത്തിലുള്ള ഖുര്‍ആന്‍ മുഴുവനും കൈ കൊണ്ട് എഴുതിയാണ് തയ്യാറാക്കിയിരിക്കുന്നത്.മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് ജസീമിന് പ്രചോദനമായത്.കൊവിഡ് കാലത്തെ ലോക്ഡൗണ്‍ സമയമാണ് പ്രധാനമായും കാലിഗ്രാഫി തയ്യാറാക്കാന്‍ ഉപയോഗിച്ചത്.

പേപ്പറും മഷിയും ഖലമുമുള്‍പ്പെടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയാണ് കാലിഗ്രാഫി തയ്യാറാക്കാന്‍ ചെലവ് വന്നത്.എണ്‍പത് രൂപ വിലയുള്ള നൂറിലധികം ജപ്പാന്‍ നിര്‍മ്മിത സിഗ് കാലിഗ്രാഫി പേനയാണ് രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത് പേജില്‍ എഴുതാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ നിലവിലുള്ള ഈജിപ്ഷ്യന്‍ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ 700 മീറ്ററെന്ന റെക്കോര്‍ഡ് മറി കടക്കാനാണ് ജസീമിന്റെ ഈ ശ്രമം.വൈകാതെ തന്നെ ഗിന്നസ് വേള്‍സ് റെക്കോര്‍ഡ് അതോറിറ്റി ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് ആള്‍ ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്‌സ് കേരള (ആഗ്രഹ്) സംസ്ഥാന നേതാക്കള്‍ അറിയിച്ചത്.ഡിസംബര്‍ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ ജസീമിന്റെ ഖുര്‍ആന്‍ കാലിഗ്രാഫി പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.

 

web desk 3: