X
    Categories: MoreViews

ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചുവരവ്; മതിമറന്ന സന്തോഷത്തില്‍ അശ്വിന് പാരയായത് ഉപമ

ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ഉപമിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ കുടുങ്ങി. മ്യൂണിക്ക് ദുരന്തത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ ടീമിനോടാണ് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉപമിച്ചത്. ഇതോടെ ചെന്നൈ ആരാധകരുള്‍പ്പെടെ അശ്വിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ വിശദീകരണവുമായി അശ്വിന് വീണ്ടും രംഗത്ത് വരേണ്ടി വന്നു. മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം ഐ.പി.എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവെന്നായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം. സൂപ്പര്‍ കിങ്‌സിന്റെ ആരാധകരും സാമൂഹികമാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് അശ്വിന് ട്വീറ്റു ചെയ്യേണ്ടിവന്നു. 1958ലെ മ്യൂണിക് ദുരന്തത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എട്ടുതാരങ്ങളടക്കം 23 പേരാണ് മരിച്ചത്. ബല്‍ഗ്രേഡില്‍ യൂറോപ്യന്‍ കപ്പ് കളിച്ചശേഷം മാഞ്ചെസ്റ്റര്‍ താരങ്ങള്‍ കയറിയ ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസ് വിമാനം ഇന്ധനം നിറച്ച് പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. ദുരന്തത്തില്‍ രക്ഷപ്പെട്ട ബോബി ചാള്‍ട്ടനും ബില്‍ ഫൂക്‌സുമടങ്ങിയ ടീം 10 വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കപ്പുനേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായിമാറി. ഇക്കാര്യം ഓര്‍മ്മിപ്പിച്ചായിരുന്നു അശ്വിന്റെ ചെന്നൈ ടീമുമായുളള താരതമ്യം. ഐ.പി.എല്ലില്‍ രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് വീണ്ടുമെത്തുകയാണ്. ഇതാണ് അശ്വിനെ ഇത്തരമൊരു താരതമ്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ അശ്വിന്റെ ഉപമ അതിശയോക്തിപരമാണെന്നും അനാവശ്യമാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. കുറ്റവും ദുരന്തവും തമ്മില്‍ എങ്ങനെയാണ് താരതമ്യം അര്‍ഹിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ഇതോടെ തന്റെ അഭിപ്രായം അടര്‍ത്തിയെടുത്ത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണുണ്ടായതെന്ന് അശ്വിന്‍ വിശദമാക്കി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ ടീം തിരിച്ചുവരുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അശ്വിന്‍ പറഞ്ഞു. അശ്വിന്റെ വിശദീകരണത്തിന് ശേഷവും സാമുഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച പൊടിപൊടിക്കുകയാണ്.

chandrika: