X
    Categories: CultureNewsViews

റഫാല്‍ കേസ്: അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട പത്രത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്ത്. രേഖകള്‍ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റഫാല്‍ ഇടപാട് സംബന്ധിച്ച് ‘ദ ഹിന്ദു’ പത്രം പുറത്തുവിട്ട രേഖകള്‍ മോഷ്ടിച്ച രേഖകളാണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞത്. മുന്‍ ബി.ജെ.പി നേതാവായ യശ്വന്ത് സിന്‍ഹക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പത്രം പുറത്തുവിട്ട രേഖകള്‍ തെളിവായി സമര്‍പ്പിച്ചപ്പോഴാണ് അറ്റോര്‍ണി ജനറല്‍ തടസവാദം ഉന്നയിച്ചത്.

സുപ്രീംകോടതി വിചാരണയെ സ്വാധീനിക്കാനാണ് പത്രം രേഖകള്‍ പുറത്തുവിട്ടതെന്നായിരുന്നു എ.ജിയുടെ വാദം. രഹസ്യ സ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചത് ദേശ സുരക്ഷയെ ബാധിക്കുന്നതാണെന്നും ഇത് ചെയ്തവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എ.ജി കോടതിയില്‍ പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: