X

റഫാല്‍ കരാര്‍; മോദി കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍. ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരന്റി നല്കിയില്ല. 126 വിമാനങ്ങള്‍ എന്നത് 36 വിമാനങ്ങള്‍ എന്നാക്കിയത് ഒരു മാനദണ്ഡവും പാലിക്കാതെയാണ്. ആരാണ് ഈ തീരുമാനം എടുത്തത് അപ്പോഴാണെന്ന് വ്യക്തമല്ലെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. വ്യോമസേന പോലും അറിയാതെ പ്രധാനമന്ത്രിക്ക് എങ്ങനെ ഈ തീരുമാനം എടുക്കാനാകുമെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ തന്നെ ഇടപാടില്‍ വലിയ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

റഫാല്‍ കരാറിനെ കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കോടതി പരിശോധിച്ച് വരികയാണ്. എന്നാല്‍ ചില കരാറുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടിവരുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇതുവരെ ഇതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരുകയാണ്.

chandrika: