X

പുല്‍ത്തകിടിയില്‍ റഫക്ക് റിട്ടേണ്‍

ലണ്ടന്‍:പുല്‍ മൈതാനങ്ങള്‍ റഫേല്‍ നദാലിന് യോജിച്ചതല്ല… കളിമണ്‍ കോര്‍ട്ടില്‍ അശ്വമേഥം നടത്താറുള്ള സ്പാനിഷ് താരത്തിന് വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ഇന്നലെ വീണ്ടും കാലിടറി. അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഗൈല്‍സ് മുള്ളറാണ് സൂപ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്. സ്‌ക്കോര്‍ 6-3, 6-4, 3-6, 4-6,15-13. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ മൈതാനത്ത് നദാലിന്റെ കരുത്ത് കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു. സമീപകാലത്ത് തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന നദാലിന് പക്ഷേ ലക്‌സംബര്‍ഗ്ഗില്‍ നിന്നുള്ള 34 കാരനായ താരത്തിന് മുന്നില്‍ സ്വതസിദ്ധമായ ഫോമില്‍ കളിക്കാനായില്ല.

നാല് മണിക്കൂറും 48 മിനുട്ടും ദീര്‍ഘിച്ച ചരിത്ര പോരാട്ടത്തില്‍ രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സുന്ദരമായ കാഴ്ച്ചയില്‍ സെന്റര്‍ കോര്‍ട്ടില്‍ പിറന്നത് എക്കാലത്തെയും ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു.

അനുഭവസമ്പത്തായിരുന്നു രണ്ട് താരങ്ങളുടെയും കരുത്ത്. കടന്നാക്രമണത്തിന് മുതിരാതെ പതുക്കെ തുടങ്ങി രണ്ട് പേരും അവസരങ്ങളെ പ്രയോജനപ്പെടുത്തിയാണ് കളിച്ചത്. ആദ്യ രണ്ട് സെറ്റില്‍ ലക്‌സംബര്‍ഗ്ഗുകാരനായിരുന്നു ആധിപത്യം. പക്ഷേ അപ്പോഴും നദാല്‍ പതറിയില്ല. തന്റെ അവസരങ്ങള്‍ വരുമെന്ന് കരുതി തന്നെ അദ്ദേഹം കളിച്ചു. മൂന്നാം സെറ്റില്‍ കാണികളുടെ റഫ, റഫ വിളികളില്‍ സ്പാനിഷ് താരത്തിന് കൂടുതല്‍ കരുത്തേകി. പക്ഷേ 2008 ലെ യു.എസ് ഓപ്പണിന് ശേഷം തനിക്ക് മുകളിലുളള റാങ്കിംഗ് താരത്തെ മറികടക്കുന്നതില്‍ പരാജയപ്പെട്ടിട്ടുള്ള മുള്ളര്‍ തല ഉയര്‍ത്തി തന്നെ കളിച്ചു. മൂന്നും നാലും സെറ്റുകളിലെ റാഫേല്‍ കരുത്തില്‍ അഞ്ചാം സെറ്റ് നിര്‍ണായകമായി.

chandrika: