X

ഉയര്‍ച്ചയുടെ പടവുകളില്‍ കാല്‍വഴുതിയ മിമിക്രിക്കാരന്‍

ആലുവക്കാരനായ പയ്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ മിമിക്രി വേദികളില്‍ തിളങ്ങി.

എക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്‍ കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാഗര്‍ എന്ന മിമിക്രി ട്രൂപ്പില്‍ സജീവമായി. അന്ന് മലയാള നടന്റെ പ്രത്യേകിച്ച് ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചായിരുന്നു വേദികയ്യടക്കിയത്. എറണാകുളം ലീഗോഫീസിലായിരുന്നു സാഗര്‍ ട്രുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ പ്രോഗ്രാമുകളൊന്നും ലഭിക്കാതിരുന്ന ഈ കാലത്ത് കട്ടന്‍ ചായയും ഉണ്ടംപൊരിയും കഴിക്കാന്‍ പോലും കാശില്ലാതിരുന്നപ്പോള്‍ സഹായമായത് പലപ്പോഴും അവിടത്തെ അന്തേവാസിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ കൂടിയായ കെ എം നാസറാണ്.

അതിനിടെയാണ്
നാദിര്‍ഷയുടെ നേതൃത്വത്തില്‍ പാരഡി രംഗത്തേക്ക് തിരിയുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കാസറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറാന്‍ ദിലീപിന് അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തെ ഹാസ്യാവതരണം കയ്യടി നേടിക്കൊടുത്തു. അഭിനയ മോഹം തലക്കുപിടിച്ച ദിലീപിടിച്ചപ്പോള്‍ നടന്‍ ജയറാമിനെ കൊണ്ട് സംവിധായകന്‍ കമലിനോട് ശുപാര്‍ശ ചെയ്യിച്ചു. എന്നാല്‍ ക്യാമറക്ക് പിന്നിലായിരുന്നു സ്ഥാനം. സംവിധാന സഹായി എന്ന റോളില്‍. ഇടക്ക് ചെറിയ വേഷങ്ങളില്‍ തലകാണിക്കാനായി.

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഗോപാലകൃഷ്ണന്റെ നേര്‍രേഖ തെളിയുന്നതും ദിലീപായി മാറുന്നതും. എറണാകുളം കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിലുള്ള സിനിമകള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള നാളുകള്‍. ലോഹിതദാസിന്റെ മനസില്‍ കയറിക്കുടാന്‍ കഴിഞ്ഞ ദിലീപിനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം. ഇതോടെയാണ് ദിലീപിന്റെ നേര്‍രേഖ തെളിഞ്ഞത്. പിന്നീട് പ്രമുഖരുടെയെല്ലാം ചിത്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായി തിളങ്ങി മലയാളിയുടെ ഹൃദയത്തില്‍ കയറിക്കൂടി. ഇതിനിടെ സിനിമയില്‍ താരമായി തിളങ്ങി നിന്ന മഞ്ജുവാര്യരെ ജീവിത സഖിയാക്കി.

മീശമാധവന്‍, പറക്കും തളിക, മിസ്റ്റര്‍ ബട്‌ലര്‍, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനന്‍, കല്യാണ രാമന്‍, കുബരന്‍, സിഐഡി മുസ, തിളക്കം, പെരുമഴക്കാലം, ചാന്ദ്‌പൊട്ട്, മുല്ല, ക്രെയ്‌സി ഗോപാലന്‍, കര്യസ്ഥന്‍, പാപ്പി അപ്പച്ചന്‍, മായാമോഹിനി തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ജനപ്രിയ താരമായി വളര്‍ന്നു. തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ക്കൊപ്പം സിഐഡി മൂസയുടെ നിര്‍മാണത്തലൂടെ സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചു.


താരസംഘടനയായ അമ്മയുടെ ചലച്ചിത്ര നിര്‍മാണം പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്റെ റോളില്‍ എത്തുകയും ട്വന്റി ട്വന്റി ചിത്രം വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ താരസംഘടനയില്‍ മേല്‍കൈനേടാന്‍ ദിലീപിനായി. ദിലീപ് സിനിമകള്‍ക്ക് ഫോര്‍മുല സിനിമകള്‍ എന്ന പഴികേട്ട് തുടങ്ങിയതോടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ഇമേജ് വര്‍ധിപ്പിക്കാനായി. ഇതിനിടെയാണ് വിവാഹ മോചനമെന്ന കിംവദന്തി ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയത്. ആദ്യമെല്ലാം ദിലീപ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. പിന്നെ ഊഹാപോഹങ്ങളുടെ കാലമായിരുന്നു.

മലയാളികളുടെ സംശയങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യമാധവന്‍ ദിലീപിന്റെ ജീവിത സഖിയായി. വിവാഹ ശേഷം ദിലീപിന് ശനിദശയായിരുന്നു. പിന്നീടുള്ള സിനിമകളുടെ പരാജയത്തിനിടെയാണ് തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി സംശയിച്ച് നഹപ്രവര്‍ത്തകക്കെതിരെ തിരിയുന്നത്. ആദ്യമെല്ലാം ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും മലയാളികളെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു വീര നായകന്റെ പതനം. ഫീനിക്‌സ് പക്ഷിയെ പോലെ കുരുക്കില്‍ നിന്നും രക്ഷപെട്ട് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

chandrika: