X

ദ്രാവിഡിനെ അയയ്ക്കൂ, ടീം ഇന്ത്യയെ രക്ഷിക്കൂ; ആവശ്യവുമായി മുന്‍ ക്യാപ്റ്റന്‍

മുംബൈ: അഡലൈഡ് ക്രിക്കറ്റ് ടെസ്റ്റിലെ കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍. വെറും 36 റണ്‍സിന് എല്ലാവരും പുറത്തായ ബാറ്റിങ് നിരയെ രക്ഷിക്കാന്‍ വിദഗ്ധരെ തന്നെ അയയ്ക്കണം എന്ന മുറവിളിയും ഉയരുന്നുണ്ട്. ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കണം എന്നാണ് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി കോച്ചാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ദ്രാവിഡ്.

‘ടീമിനെ സഹായിക്കാനായി ബിസിസിഐ ഉടന്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു മാത്രമേ ബാറ്റ്‌സ്മാന്മാരെ സഹായിക്കാന്‍ ആകൂ. നെറ്റില്‍ ദ്രാവിഡിന്റെ സാന്നിധ്യം കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കും. കോവിഡ് കാരണം ഒമ്പതു മാസമായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി അടച്ചിട്ടിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹത്തിന് പോകാന്‍ എളുപ്പമാണ്’- വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

2003ല്‍ ഇന്ത്യ വിജയിച്ച അഡലൈഡ് ടെസ്റ്റിലെ ഹീറോ ആയിരുന്നു ദ്രാവിഡ്. ഇന്ത്യ നാലു വിക്കറ്റിന് ജയിച്ച മത്സരത്തില്‍ 233, 72 റണ്‍സാണ് ദ്രാവിഡ് സ്‌കോര്‍ ചെയ്തിരുന്നത്. ആ പരമ്പരയില്‍ 123.8 ശരാശരിയില്‍ 619 റണ്‍സാണ് വന്മതില്‍ എന്നറിയപ്പെടുന്ന ദ്രാവിഡ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ നടന്ന 16 ടെസ്റ്റുകളില്‍ ദ്രാവിഡ് 41.64 ശരാശരിയില്‍ 1166 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.

2017ല്‍ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷനായ സൗരവ് ഗാംഗുലി ദ്രാവിഡിനെ ബാറ്റിങ് ഉപദേഷ്ടാവായി നിയമിക്കാനുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ ബിസിസിഐ ഹെഡ് കോച്ച് രവി ശാസ്ത്രി നിര്‍ദേശിച്ചവരെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതിനിടെ, വെറും 36 റണ്‍സ് മാത്രമാണ് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത്. 4,2,0,9,4,4,0,8,1 എന്നിങ്ങനെയാണ് ബാറ്റ്‌സ്മാന്മാര്‍ നേടിയ റണ്‍സ്. ടീം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ടോട്ടലാണിത്.

Test User: