X
    Categories: CultureNewsViews

കര്‍ണാടകയില്‍ സഖ്യം തകര്‍ക്കാന്‍ തുടക്കം മുതല്‍ ശ്രമമുണ്ടായി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ തുടക്കം മുതല്‍ അകത്ത് നിന്നും പുറത്ത് നിന്നും ശ്രമമുണ്ടായെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തിലേക്കുള്ള തങ്ങളുടെ വഴിയില്‍ സഖ്യം തടസമാവുമെന്ന് മനസിലാക്കിയ കുത്സിത താല്‍പര്യക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരുടെ ശ്രമങ്ങള്‍ ഒടുവില്‍ വിജയിച്ചിരിക്കുകയാണ്. ജനാധിപത്യവും കര്‍ണാടകയിലെ ജനങ്ങളുടെ അഭിമാനവുമാണ് ഇതിലൂടെ തകര്‍ന്നിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഏറെ നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. 99 പേര്‍ കുമാരസ്വാമി സര്‍ക്കാറിനെ അനുകൂലിച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.

16 കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. 224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് 78, ജെ.ഡി.എസ് 37, ബി.എസ്.പി 1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി.ജെ.പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. 14 മാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: