X

‘വയനാട്ടില്‍ മത്സരിക്കുന്നത് എന്ത് കൊണ്ട്’?; മറുപടിയുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയുടെ കൂടെ കോണ്‍ഗ്രസ് ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് തന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തിലൂടെ ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. തങ്ങളെ അവഗണിക്കുകയാണെന്ന വികാരം ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തൊട്ടാകെ ഇടതുമായി കോണ്‍ഗ്രസിന് സഖ്യമുളളതായാണ് എനിക്ക് കാണാനാവുന്നത്. അതുകൊണ്ട് തന്നെ വയനാട്ടിലെ സീറ്റിന്റെ കാര്യത്തില്‍ യാതൊന്നും അസ്വാഭാവികമായി ഇല്ല. ഒന്നാമത്തെ പണി മോദിയെ തോല്‍പിച്ച് രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്നതാണ്. പല സംസ്ഥാനങ്ങളിലും മതേതര പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ച് തയ്യാറായി കഴിഞ്ഞു. രാജ്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ എല്ലാവരും ഒന്നിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കിയാണ് കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ പുറത്തിറങ്ങിയിരിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലക്കും പ്രഥമ പരിഗണന നല്‍കിയാണ് പ്രകടനപത്രിക.

കര്‍ഷകര്‍ക്കായി പ്രത്യേക ബഡ്ജറ്റ് പ്രഖ്യാപനവും കാര്‍ഷിക കടംവീട്ടാത്തത് ക്രിമിനല്‍ കുറ്റത്തില്‍ നിന്നും സിവില്‍ കുറ്റമാക്കി ചുരുക്കിയുമായി കോണ്‍ഗ്രസിന്റെ കാര്‍ഷിക നയം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കര്‍ഷകകടബാധ്യത മൂലം ഒരു കര്‍ഷകനും ജയിലില്‍ കിടക്കേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ ആറ് ശതമാനം ജിഡിപി മാറ്റിവെച്ചും 12ാം ക്ലാസുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ മാത്രം 34ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 22ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും, പാവപ്പെട്ടവരുടെ അക്കൗണ്ടില് 72000 രൂപ ഒരോവര്‍ഷവും നിക്ഷേപിക്കുന്ന ന്യായ് പദ്ധതി, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ദാരിദ്ര നിര്‍മാര്‍ജനം, കാര്‍ഷിക മേഖല, സ്ത്രീ സുരക്ഷ, തൊഴില്‍ 5 പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സോണിയാ ഗാന്ധി, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവരുടെ സാന്നിദ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

chandrika: