X

ബി.ജെ.പി ഭരണത്തില്‍ ഭരണഘടന ഭീഷണി നേരിടുന്നതായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യുമെന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. നേരിട്ടും പരോക്ഷമായി ബി.ജെ.പി ഇതിനായി ശ്രമിക്കുകയാണെന്നു പറഞ്ഞ രാഹുല്‍ ഹെഗ്‌ഡെയുടെ പേര് പരാമര്‍ശിച്ചില്ല. രാജ്യത്തിന്റെ അടിത്തറയായ ഭരണഘടനക്കെതിരെ നേരിട്ടു തന്നെ ആക്രമണം നടക്കുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ ഇന്ത്യക്കാരന്റേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കള്ളം പറയുക എന്ന തത്വമാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഇരു പാര്‍ട്ടികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കള്ളം പറയാത്തതിന്റെ പേരില്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി പിണഞ്ഞേക്കാം എങ്കിലും സ്ത്യം ഉപേക്ഷിക്കാന്‍ പാര്‍ട്ടി തയാറല്ലെന്നും സത്യത്തിനായി നിലനില്‍ക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

chandrika: