X

‘പ്രളയത്തില്‍ ഒന്നിച്ച ജനത്തെ സര്‍ക്കാര്‍ ഭിന്നിപ്പിക്കുന്നു’; ആവേശമായി രാഹുലിന്റെ പ്രസംഗം

കൊച്ചി: അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍. കൊച്ചി മറൈന്‍ െ്രെഡവില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തിലാണ് രാഹുലിന്റെ പരാമര്‍ശങ്ങള്‍.

നാലരവര്‍ഷം മോദി കര്‍ഷകരെ ഉപദ്രവിച്ചു. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. സമ്പന്നര്‍ക്കുവേണ്ടി മാത്രമുള്ള ഒരു ഇന്ത്യയും പാവപ്പെട്ടവര്‍ക്കുവേണ്ടി മറ്റൊരു ഇന്ത്യയും നിര്‍മ്മിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. 3.5 ലക്ഷം കോടി 15 സമ്പന്നര്‍ക്ക് വീതിച്ചു നല്‍കി. എന്നാല്‍ ഒരു രൂപയുടെ കര്‍ഷക വായ്പ പോലും എഴുതി തള്ളിയില്ല. 15 സമ്പന്ന ബിസിനസുകാരായ സുഹൃത്തുക്കള്‍ക്കാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്.

തൊഴിലുറപ്പ് ഭക്ഷ്യസുരക്ഷ പദ്ധതികളില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് പുരോഗതി കൊണ്ടുവരും. ചിലവു കുറഞ്ഞ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വേതനം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും കേഡര്‍പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് അതല്ലെന്നും പറഞ്ഞ് നിങ്ങള്‍ സ്വയം പരാജിതരാവരുതെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് രാജ്യത്തിന്റെ ഹൃദയം പേറുന്ന പാര്‍ട്ടിയാണെന്നും രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടിയാണെന്നും പറഞ്ഞു. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ മറ്റു ആര്‍.എസ്.എസ് നേതാക്കള്‍ ബ്രിട്ടീഷുകാരോട് മാപ്പിരക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയെ രക്ഷിക്കാനാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. മോദിയും അമിത് ഷായും കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജി.എസ്.ടി തുടക്കം മുതലേ വന്‍ പരാജയമാണ്. അധികാരത്തിലെത്തിയാല്‍ നിലവിലെ ജി.എസ്.ടിയെ രാജ്യത്തിന്റെ പുരോഗതിക്ക് അനുസൃതമായി മാറ്റും. കൊടിയ പ്രളയം അനുഭവിച്ച കേരളത്തിന് പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രം ചെയ്തതെന്നും രാഹുല്‍ ചോദിച്ചു.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണ്. പ്രളയത്തെ മലയാളികള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. കേരളത്തില്‍ സി.പി.എമ്മിനേയും കേന്ദ്രത്തില്‍ ബി.ജെ.പിയേയും തോല്‍പ്പിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കും. 2019-ല്‍ അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി കുറച്ചുകൂടി വനിതാ നേതാക്കള്‍ വേദിയില്‍ വേണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ 50,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു സംഘാടകര്‍ അറിയിച്ചത്.

chandrika: