X

തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ കര്‍ണാടക; മോദിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടാംഘട്ട പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭരണം നിലനിര്‍ത്തി ശക്തി തെളിയിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് പ്രചാരണം നയിക്കുന്നത്. 2013ല്‍ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ബി.ജെ.പിക്കായി അമിത് ഷായും കളത്തിലിറങ്ങിക്കഴിഞ്ഞു.

കര്‍ണാടകയെ ഇളക്കി മറിച്ച് രാഹുലിന്റെ ജന്‍ ആശീര്‍വാദ് യാത്ര പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയാണ് രാഹുലിന്റെ പ്രചാരണം. വിജയപുര, ബെളഗാവി, ഭഗല്‍കോട്ട്, മുല്‍വാദ്, ജംഖണ്ടി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഇന്നലത്തെ പരിപാടികള്‍.

വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ഷകരുടെ ലോണ്‍ എഴുതി തള്ളിയതു പോലെയാണ് മോദി വ്യവസായികളുടെ ലോണും എഴുതി തള്ളുന്നത്. 15 ലക്ഷം ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് പ്രചരിപ്പിച്ച മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. മോദിയുടെ ഭരണത്തിന് കീഴില്‍ ബാങ്ക് തട്ടിപ്പ് നിര്‍ബാധം തുടരുന്നു. നടപടിയെടുക്കുമെന്നാണ് മോദി പറയുന്നത്. നടപടിയൊക്കെ പിന്നെയാവാം, 22,000 കോടി എങ്ങനെ ബാങ്കില്‍നിന്ന് നഷ്ടപ്പൈട്ടന്നാണ് ആദ്യം വ്യക്തമാക്കേണ്ടത്.

12ാം നൂറ്റാണ്ടിലെ തത്ത്വജ്ഞാനിയായിരുന്ന ബസവേശ്വരയുടെ വാക്കുകള്‍ കടമെടുത്ത രാഹുല്‍ പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചു. മോഷണത്തിലും അക്രമത്തിലും ഹരം കണ്ടെത്തരുതെന്നും കളവുപറയരുതെന്നും സ്വയം പുകഴ്ത്തരുതെന്നും വിദ്വേഷം പരത്തരുതെന്നുമുള്ള ബസവേശ്വരയുടെ വാക്യങ്ങള്‍ ഉദ്ധരിച്ച അദ്ദേഹം ഇവയെല്ലാം നരേന്ദ്ര മോദി എങ്ങനെയാണ് ലംഘിക്കുന്നതെന്നും ഉദാഹരണസഹിതം വിവരിച്ചു.

പൊള്ളയായ വാഗ്ദാനങ്ങളുമായി മോദിക്ക് അധികകാലം ഭരണം മുന്നോട്ടുകൊണ്ടുപോവാനാവില്ല. 15 ലക്ഷം രൂപ വീതം ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കുമെന്നും രണ്ടു കോടി യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യ അഴിമതി മുക്തമാക്കുമെന്നുമായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ വാഗ്ദാനം. രാജ്യത്ത് എന്തു നടന്നാലും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് മോദി പറയുന്നത്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെല്ലാം താന്‍ കാരണമാണെന്നും പറയുന്നു. ഒരു റോക്കറ്റ് പറത്തിയാലും പട്ടാളം യുദ്ധം ചെയ്താലും അതിര്‍ത്തിയില്‍ പട്ടാളം കൊല്ലപ്പെട്ടാലും താനാണ് അത് ചെയ്തതെന്നാണ് മോദിയുടെ വീമ്പിളക്കല്‍- രാഹുല്‍ പറഞ്ഞു.

chandrika: