X

കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍ നടത്തുന്ന സമരത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാടകങ്ങള്‍ തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ് ഇരകളാകുന്നതെന്ന് രാഹുല്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ധര്‍ണ നടത്തുന്നു. ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. അരാജകത്തിന് എതിരെ കണ്ണടക്കുന്ന പ്രധാനമന്ത്രി കലാപത്തേയും വഴിവിട്ട പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നു. ഈ നാടകം തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ് ഇരകളാകുന്നത്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെജ്രിവാളിന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടാണ് ആദ്യമായി സംഭവത്തില്‍ രാഹുല്‍ പ്രതികരിക്കുന്നത്.

 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണസമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നീ മന്ത്രിമാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ആംആദ്മി പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് പ്രകടനം നടത്തിയിരുന്നു.

അതേസമയം ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധിക്കുന്ന കെജ്രിവാളിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കുത്തിയിരിപ്പ് സമരത്തെ സമരമെന്ന് വിളിക്കാനാകില്ലെന്നും, ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ അധികാരമില്ലെന്നായിരുന്നു സമരത്തിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കോടതിയുടെ വിമര്‍ശനം.

കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന നിലയില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കെജരിവാളിന് പിന്തുണയുമായെത്തിയിരുന്നു. അരവിന്ദ് കെജരിവാളിനു പിന്തുണ അറിയിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കെജ്രവാളിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

chandrika: