X

രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്നും ഒബിസി വിഭാഗങ്ങള്‍ക്ക് നിയമനിര്‍മാണത്തില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ വനിതാ സംവരണ ബില്‍ കൊണ്ടുവന്നതെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ജാതി സെന്‍സസ് നടത്തിയിട്ടും പുറത്തുവിടാത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിയമമാണ് വനിതാ സംവരണ ബില്‍. എന്നാല്‍ അത് നടപ്പാക്കണമെങ്കില്‍ സെന്‍സസും മണ്ഡലപുനര്‍നിര്‍ണയവും കഴിയണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അതെപ്പോള്‍ നടക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പുമില്ല. ബില്‍ നിയമമായാല്‍ തന്നെ കുറഞ്ഞത് പത്തുവര്‍ഷമെടുക്കും. വനിതാ സംവരണ ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചത് ജാതി സെന്‍സസില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തന്ത്രമാണ്.

ഒബിസി വിഭാഗത്തിന്റെ നേതാവാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്കുവേണ്ടി എന്താണ് ചെയ്തത്? കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെക്രട്ടറി പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ 3 പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തില്‍നിന്നുള്ളത്.

തൊണ്ണൂറില്‍നിന്നാണ് മൂന്നുപേരായി ചുരുങ്ങിയത്. ഒബിസിക്കുവേണ്ടി നിലകൊള്ളുന്നവരാണെങ്കില്‍ പിന്നെയെന്തുകൊണ്ടാണ് പ്രാധിനിത്യം ഇത്രയധികം കുറഞ്ഞുപോയതെന്ന് മോദി വ്യക്തമാക്കണം.രാജ്യത്തെ ബജറ്റിന്റെ അഞ്ചുസ്ഥാനമാണ് നിയന്ത്രണം മാത്രമാനം ഒബിസി വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഒബിസി വിഭാഗത്തിന്റെ ജനസംഖ്യ അനുസരിച്ചുള്ള പ്രാതിനിധ്യം അവര്‍ക്ക് കിട്ടണം.

ഒബിസി വിഭാഗമാണ് രാജ്യത്തിന്റെ നട്ടെല്ല്. അവര്‍ക്ക് മതിയായ പ്രാധിനിത്യം നല്‍കണമെങ്കില്‍ ആദ്യം അവരുടെ ജനസംഖ്യ അറിയേണ്ടതുണ്ട്. അതിനായാണ് ജാതി സെന്‍സസ് വേണമെന്ന് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് അധികാരമില്ലെന്ന് സത്യം ഒബിസി യുവജനത തിരിച്ചറിയണം. ഒബിസി എംഎല്‍എമാരെയും എംപിമാരെയും മുന്നില്‍നിര്‍ത്തുക മാത്രമാണ് ബിജെപി ചെയ്യുന്നത്. അവര്‍ക്ക് നിയമനിര്‍മാണത്തില്‍ റോള്‍ ലഭിക്കുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

 

webdesk13: