X

കോവിഡല്ല, മോദിയുടെ നോട്ട് നിരോധനമാണ് രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ത്തത്; രാഹുല്‍ ഗാന്ധി

ഡല്‍ഹി: നോട്ട്‌നിരോധന വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നാല് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചില ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നോട്ട് നിരോധനമെന്ന നീക്കം ഇന്ത്യന്‍ സമ്പദ് ഘടന തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

2016ലെ നോട്ട് നിരോധനം ജനതാത്പര്യം കണക്കിലെടുത്തല്ലെന്നും രാജ്യത്തിന്റെ സമ്പദ്ഘടന അതുമൂലം തകര്‍ന്നെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥ എങ്ങനെ മറികടന്നുവെന്നും രാഹുല്‍ ചോദിച്ചു.

കോവിഡാണ് സാമ്പത്തിക തകര്‍ച്ചയുടെ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ബംഗ്ലാദേശിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡുണ്ടായിരുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു. കോവിഡല്ല കാരണം, നോട്ട് നിരോധനവും ജിഎസ്ടിയുമാണ്, രാഹുല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെ പറഞ്ഞു.

നോട്ട് നിരോധനം കള്ളപ്പണത്തിനെതിരെയുള്ള ആക്രമണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അതങ്ങനല്ലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.’അത് പച്ച കള്ളമായിരുന്നു. അക്രമണം ജനങ്ങള്‍ക്ക് നേരെയായിരുന്നു. ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി മോദി തന്റെ രണ്ടു മൂന്ന് ചങ്ങാത്ത മുതലാളിമാര്‍ക്ക് നല്‍കി. നിങ്ങളാണ് വരിയില്‍ കാത്തു നിന്നത്. അവരല്ല. രാഹുല്‍ ആരോപിച്ചു.

‘തെറ്റായ ജിഎസ്ടി നടപ്പാക്കിയതിലൂടെ ചെറുകിട ഇടത്തരം ബിസിനസുകള്‍ നശിച്ചു. അത് അദ്ദേഹത്തിന്റെ കുറച്ച് മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് വഴിതെളിച്ചു. പുതിയ നിയമം കൊണ്ടുവന്ന് ഇപ്പോള്‍ കര്‍ഷകരേയും ലക്ഷ്യമിട്ടിരിക്കുകയാണ്. അവരെയും നശിപ്പിക്കും. ഇന്ത്യയുടെ അഭിമാനത്തെസമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു’ രാഹുല്‍ പറഞ്ഞു.

web desk 3: