X

തിരുനാവായ-ഇടപ്പള്ളി തീരദേശ റെയില്‍പാതക്ക് സാധ്യത ഏറുന്നു

ശംസുദ്ദീന്‍ വാത്യേടത്ത്

കയ്പ്പമംഗലം: ബ്രിട്ടീഷ്ഭരണകാലം മുതലുള്ള മലപ്പുറം – തൃശൂര്‍ – എറണാകുളം ജില്ലകളെ ബെന്ധിപ്പിക്കുന്ന തീരദേശ റെയില്‍പാത എന്ന ആവശ്യത്തിന് സാധ്യത ഏറുന്നു. നിലവില്‍ റെയില്‍വേ സൗകര്യം ഇല്ലാത്ത അന്‍പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമാണ് തിരുര്‍ – തിരുനാവായ് – ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഇടപ്പള്ളി വരെയുള്ള തീരദേശ റെയില്‍വേക്ക് സാധ്യത ഏറ്റുന്നത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നാല് നഗരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനത്തോടെ റെയില്‍വേപാത എന്ന പ്രതീക്ഷ നല്‍കുകയാണ്. ഈ നാല് നഗരങ്ങളിലേക്കും പുതിയ റെയില്‍വേലൈന്‍ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബര്‍ രണ്ടിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ്‌സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ജില്ലയുടെ തീരദേശപ്രദേശത്ത് റെയില്‍വേക്ക് വേണ്ടി സര്‍വേ നടന്നിരുന്നു . പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ തീരദേശറെയില്‍വേക്ക് വേണ്ടി ശ്രമിച്ചിരുന്നു. തിരൂര്‍ – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന ആവശ്യമായി 1954 മുതല്‍ ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തിച്ചിരുന്നു. തിരുനാവായില്‍നിന്നും ഗുരുവായൂര്‍ റെയിവേവഴി തീരദേശപാത തുടങ്ങിയാല്‍ ചെലവ് കുറയും എന്ന കണക്കുകൂട്ടലിലാണ് തിരൂര്‍ മാറ്റി തിരുനാവായ് – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന പേരായത്.

നിരവധിതവണ തീരദേശറെയിവേക്ക് വേണ്ടി സര്‍വേ നടന്നിട്ടുള്ളതാണ് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനോലികനാലിനോട് ചേര്‍ന്ന് സര്‍വേ നടന്നെങ്കിലും പദ്ധതി നടപ്പായില്ല. കാസര്‍കോട്മുതല്‍ തിരുവനന്തപുരംവരെ കേരളത്തില്‍ നിലവിലുള്ള റെയില്‍പാതയില്‍ തിരുനാവായ് -ഇടപ്പള്ളി തീരദേശറെയില്‍വേ പദ്ധതി നടപ്പായാല്‍ കാസര്‍കോട് – തിരുവനന്തപുരം റെയില്‍വേ യാത്രയില്‍ 60 കിലോമീറ്റര്‍ കുറയും . ഇത് സമയവും സാമ്പത്തികമായി ലാഭകരവുമാണ്. കേരളത്തിലെ വാണിജ-വ്യവസായ രംഗത്ത് മാത്രമല്ല ടൂറിസംരംഗത്തും വലിയ ഉയര്‍ച്ചക്കും സാധ്യത ഏറെയാണ്. പെരുമ്പടപ്പ് പുത്തന്‍പള്ളി, ഗുരുവായൂര്‍ ക്ഷേത്രം, തൃപ്രയാര്‍ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ക്ഷേത്രം , ചേരമാന്‍ മസ്ജിദ്, അഴിക്കോട് മാര്‍ത്തോമപള്ളി തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ തീരദേശറെയില്‍വേ പദ്ധതി നടപ്പായാല്‍ ഉണ്ടാവുന്ന മാറ്റം വലുതായിരിക്കും. മാത്രവുമല്ല പൗരാണികഭാരതത്തിന്റെ സുവര്‍ണ്ണ കവാടം എന്ന് അറിയപ്പെടുന്ന മുസിരിസ് എന്ന ഇന്നത്തെ കൊടുങ്ങല്ലൂര്‍വഴിയാണ് തീരദേശ റെയില്‍വേ കടന്നുപോകുന്നത്.

പദ്ധതി നടപ്പായാല്‍ കേരളത്തിലെ ഗതാഗതസംവിധാനത്തിലും ഏറെ മാറ്റങ്ങള്‍ ഉണ്ടാവും. അറബിക്കടലിന്റെയും കനോലികനാലിന്റെയും ഇടയിലൂടെയാണ് തീരദേശ റെയിവേ പദ്ധതി നടപ്പാക്കാന്‍ സര്‍വേ നടന്നിരുന്നത്. വടക്കേഇന്ത്യയില്‍ നിന്നും ആരംഭിച്ച് കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ദേശീയപാത 66 ചാവക്കാട് – തൃപ്രയാര്‍- കൊടുങ്ങല്ലൂര്‍-പറവൂര്‍ വഴിയാണ് കടന്നുപോകുന്നത്. ഹൈവേ നിലവില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പൊതുജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒന്നായിരിക്കും തീരദേശറെയില്‍വേപദ്ധതി നടപ്പായാല്‍ ഉണ്ടാവുന്നത്.

Chandrika Web: