X

‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ പ്രകാശനം ചെയ്തു

അഷ്‌റഫ് ആളത്ത്

ദമ്മാം:മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സംസ്കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും, വർത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തക പ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത് സുകൃതമാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഡ്വ. വൈ.എ റഹീം പറഞ്ഞു.

അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവർ പറഞ്ഞു. ഉള്ള നിറക്കുന്ന ഭാഷയും ശൈലിയും സാധാരണ വായനക്കാനും ഇത് പ്രിയപ്പെട്ടതാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മൻസൂർ പള്ളൂർ, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്, എഴുത്തുകാരൻ സജീദ് ഖാൻ പനവേലിൽ, പ്രഭാഷകനും എഴുത്തുകാരനുമായ ടി.കെ അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ച സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.

മലയാള സാഹിത്യ, സാംസ്കാരിക മേഖലയിലെ നക്ഷത്ര തുല്ല്യരായ 12 പേരുടെ ജീവിതാനുഭവങ്ങളുടെ ഹൃദയം തൊട്ട എഴുത്താണ് പുസ്തകത്തിലെ പ്രമേയം. ടി.ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു. പ്രൊഫ. നിസാർ കാത്തുങ്കലിന്റെ പുസ്തകാസ്വാദനവും ചേർത്തിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായിട്ടുള്ള ഡസ്റ്റിനി ബുക്സ് ആണ് പ്രസാധകർ. സഊദിയിലെ ദമ്മാമിൽ മാധ്യമപ്രവർത്തകനായ സാജിദ് ആറാട്ടുപുഴയുടെ ആദ്യ പുസ്തകമായ മണൽ ശിൽപങ്ങളുടെ മൂന്നാം പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ പുസ്തകമായ അറബിത്തെരുവുകളുടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആദ്യകാല കാഥിക ഐഷാ ബീഗത്തിന്റെ ജീവിത ചരിത്രമാണ് മുന്നാമത്തെ പുസ്തകം.

webdesk14: