X
    Categories: MoreViews

റജബ് ഉര്‍ദുഗാന്‍ ഇന്ത്യയിലേക്ക്

 

ന്യൂഡല്‍ഹി: ദ്വിദിന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവാദ വിരുദ്ധ പോരാട്ടം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങള്‍ ഉര്‍ദുഗാന്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി തുര്‍ക്കി പ്രസിഡണ്ട് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് വിപുലമായ അധികാരത്തിനായി നടത്തിയ ഹിത പരിശോധനയില്‍ ജയിച്ച് ആഴ്ചകള്‍ക്കകമാണ് ഉര്‍ദുഗാന്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെത്തുന്നത്. വിജയം നേടിയ ശേഷം ഇദ്ദേഹം സന്ദര്‍ശിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ.
ഹിതപരിശോധന പ്രകാരം പാര്‍ലമെന്റിനു മേല്‍ക്കൈയുള്ള നിലവിലുള്ള ഭരണ രീതിക്കുപകരം പ്രസിഡന്റിനു ഭരണനിര്‍വ്വഹണാധികാരം നല്‍കുന്ന രീതി നടപ്പാക്കണമെന്നാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ ആവശ്യപ്പെട്ടത്.
ആണവ വിതരണ ഗ്രൂപ്പിലെ (എന്‍.എസ്.ജി) അംഗത്വത്തെ നേരത്തെ എതിര്‍ത്ത രാഷ്ട്രമാണ് തുര്‍ക്കി. ഈ നിലപാടില്‍ നിന്ന് തുര്‍ക്കി പിന്നോട്ടു പോകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിഷയം തുര്‍ക്കി അധികൃതരുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി രുചി ഗണശ്യാം വെളിപ്പെടുത്തി. 150 അംഗ വ്യാപാര സംഘവും തുര്‍ക്കി പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.

chandrika: