X

കാന്‍സറെന്നു തെറ്റായ പരിശോധനാ റിപ്പോര്‍ട്ട്; ചികിത്സയില്‍ ദുരിതം പേറി യുവതി; സ്വകാര്യ ലാബ് അടപ്പിച്ചു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്ക് കീമോതെറാപ്പി നല്‍കി. സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ നേരിടുകയാണ് മാവേലിക്കര കുടശനാട് സ്വദേശിയായ രജനി. മെഡിക്കല്‍ കോളജ് ലാബിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞു.
കാന്‍സറില്ലാതെ കാന്‍സറിന്റെ ചികില്‍സയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങളെല്ലാമുണ്ട് രജനിയുടെ മുഖത്തും ശരീരത്തിലും. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥകളും. മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ ബാക്കിയാണിതെല്ലാം. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.
പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ എത്തിച്ചും പരിശോധന നടത്തി. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രജനിയും കുടുംബവും.
യുവതിക്ക് അര്‍ബുദമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ഡയനോവ ലബോറട്ടറി എ.ഐ.വൈ. എഫ് പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ സി.ഐ കെ.ധനപാലന്‍, എസ്.ഐ വി.വിനോദ് കുമാര്‍ എന്നിവര്‍ ഇടപെട്ട് അടപ്പിച്ചു.

chandrika: