X

ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹലു ഖാനെയും മക്കളേയും പശുക്കടത്ത് കേസില്‍ കുറ്റക്കാരാക്കി രാജസ്ഥാന്‍ പൊലീസ്

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഹിന്ദുത്വ ഭീകരര്‍ തല്ലികൊന്ന അല്‍വാറിലെ പെഹലുഖാനെ പ്രതി ചേര്‍ത്ത് രാജസ്ഥാന്‍ പൊലീസിന്റെ കുറ്റപത്രം. പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് 2019 മെയ് 29നാണ് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് പെഹലുഖാനെയും മക്കളെയും ഗോവധ നിരോധന നിയമപ്രകാരം പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കശാപ്പിനായി പെഹലുഖാനും മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവരും പശുക്കളെ കടത്തികൊണ്ടുപോയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. പശുക്കളെ കടത്താന്‍ ഉപയോഗിച്ച ട്രക്കിന്റെ ഉടമ മുഹമ്മദും പ്രതിപട്ടികയിലുണ്ട്. കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ ബൊവിന്‍ ആനിമല്‍ ആക്ടിലെ 5, 8, 9 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് 2017 ഏപ്രില്‍ ഒന്നിനാണ് പശുക്കടത്ത് ആരോപിച്ച് പെഹലു ഖാനെ ഹിന്ദുത്വ ഭീകരര്‍ തല്ലിക്കൊന്നത്.
ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്‍ രണ്ട് ട്രക്കുകളിലായി പശുക്കളെ കൊണ്ടുപോയിരുന്നത്.

അതേസമയം പ്രതിചേര്‍ത്ത നടപടിക്കെതിരെ കുടുംബം രംഗത്ത് വന്നു. ”ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ പിതാവിനെ നഷ്ടമായി. ഇപ്പോള്‍ പശുക്കടത്ത് ആരോപിച്ച് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്”, പെഹലു ഖാന്റെ മകന്‍ ഇര്‍ഷാദ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ നീതി പ്രതീക്ഷിച്ചു. പക്ഷേ അതും ഉണ്ടായില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. കോണ്‍ഗ്രസ് ബി.ജെ.പിയുടെ മറ്റൊരു പതിപ്പാണെന്ന് തെളിയിക്കുന്നതാണ് കുറ്റപത്രമെന്ന് ആള്‍ ഇന്ത്യ എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്തു.

https://twitter.com/asadowaisi/status/1144845075572117504

കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സമാനമായ കുറ്റപത്രമാണ് തയ്യാറാക്കിയിരുന്നത്. പെഹലു ഖാന്റെ സഹായികളായ അസ്മത്ത്, റഫീഖ് എന്നിവര്‍ക്കെതിരെയും മറ്റൊരു ട്രക്ക് ഉടമ ജഗ്ദീഷ് പ്രസാദ് ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

chandrika: